ആളിയാർ വെള്ളം നേടിയെടുത്തില്ല, ശുദ്ധജലവിതരണം ‌സ്തംഭനത്തിലേക്ക്; ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്ത് പമ്പിങ് മുടങ്ങും

HIGHLIGHTS
  • രണ്ടോ, മൂന്നോ ദിവസം കഴിയുമ്പോഴേക്കും ചെക്ഡാമുകളിലെ ജലം തീരും
ആളിയാർ വെള്ളം ലഭിക്കാതായതോടെ മൂലത്തറ റഗുലേറ്ററിനു താഴെ ചിറ്റൂർപ്പുഴ പ്രദേശം  വരണ്ട നിലയിൽ.
ആളിയാർ വെള്ളം ലഭിക്കാതായതോടെ മൂലത്തറ റഗുലേറ്ററിനു താഴെ ചിറ്റൂർപ്പുഴ പ്രദേശം വരണ്ട നിലയിൽ.
SHARE

പാലക്കാട് ∙ സർക്കാർ തലത്തിൽ നടപടിയില്ലാതെ ആളിയാർ ജലവിതരണം സ്തംഭിച്ചതോടെ ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്തെ ശുദ്ധജല വിതരണ പദ്ധതികൾ സ്തംഭനത്തിലേക്ക്. പരമാവധി രണ്ടോ മൂന്നോ ദിവസം വിതരണം ചെയ്യാനുള്ള ജലം മാത്രമാണ് ചെക്ഡാമുകളിൽ ഉള്ളത്. ശേഷം കിഴക്കൻ പ്രദേശത്തെ ശുദ്ധജല വിതരണം സ്തംഭിക്കും. ആദ്യ ഘട്ടത്തിൽ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി, പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, എലപ്പുള്ളി പഞ്ചായത്തുകളിലെ ശുദ്ധജല വിതരണമാണു സ്തംഭിപ്പിക്കുക. തൊട്ടുപിന്നാലെ ചിറ്റൂർപ്പുഴ പമ്പിങ് സ്രോതസ്സായ ഇതര ശുദ്ധജല വിതരണ പദ്ധതികളുടെ പമ്പിങ്ങും നിർത്തി വയ്ക്കേണ്ടിവരും.

താമസിയാതെ ഭാരതപ്പുഴയിലെ ശുദ്ധജല പദ്ധതികളെയും ജലക്ഷാമം സാരമായി ബാധിക്കും. കിഴക്കൻ പ്രദേശത്തെ ജല വിതരണത്തിനായി കുന്നങ്കാട്ടുപതി റഗുലേറ്ററിൽ സംഭരിച്ച ജലം അടിത്തട്ടിലെത്തിക്കഴിഞ്ഞു. ഇതിനു താഴെയുള്ള ചെക്ഡാമിൽ നിന്നാണ് 7 പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നത്. ഈ ചെക്ഡാമിലും ജലം അടിത്തട്ടിലെത്തി. കുന്നങ്കാട്ടുപതി റഗുലേറ്റർ തുറന്നു താഴേക്ക് ഒഴുക്കാൻ ജലം ഇല്ലാത്ത സ്ഥിതിയാണ്.

ആളിയാറിൽ നിന്ന് മൂലത്തറ വഴി എത്തുന്ന ജലമാണ് കുന്നങ്കാട്ടുപതി റഗുലേറ്ററിൽ ശേഖരിക്കുക.  മേയ് 15 മുതൽ 31 വരെയുള്ള കാലയളലിൽ ആളിയാറിൽ നിന്ന് ചിറ്റൂർപ്പുഴയിലേക്ക് 400 ദശലക്ഷം ഘനയടി ജലം നേടിയെടുക്കേണ്ടതാണെങ്കിലും കേരളം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കത്തെഴുതിയതു മാത്രമാണ് ആകെയുള്ള നടപടി. വേനൽകാഠിന്യം അതേപടി തുടരുന്ന സാഹചര്യത്തിൽ ശുദ്ധജലം മുടങ്ങുന്നതു പതിനായിരക്കണക്കിനു വീട്ടുകാരെ ദുരിതത്തിലാക്കും. ഗുരുതര പ്രതിസന്ധി ജല അതോറിറ്റി ജില്ലാ ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്. 

ഉള്ള വെള്ളത്തിന്റെ ഗുണനിലവാരം സംശയത്തിൽ

ചെക്ഡാമുകളിൽ ജലനിരപ്പ് അടിത്തട്ടിലെത്തിയതോടെ വെള്ളത്തിന്റെ ഗുണനിലവാരത്തിലും മാറ്റം വന്നു തുടങ്ങി. ചെളിപ്രശ്നവും രൂക്ഷമാണ്. ജലത്തിന്റെ ഗാഢത കൂടിയത് പമ്പിങ്ങും വിതരണവും മന്ദഗതിയിലാക്കുന്നു. വെള്ളം ശുദ്ധീകരിച്ചാണ് ജല അതോറിറ്റി വിതരണം ചെയ്യുന്നതെങ്കിലും ഗാഢത കൂടിയതുൾപ്പെടെ ആശങ്ക സൃഷ്ടിക്കുന്നു. വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS