കുഴൽമന്ദം ∙ പെട്ടെന്നുണ്ടായ ശക്തമായ മഴയിൽ ദേശീയപാതയിൽ വെള്ളക്കെട്ടു കണ്ടു കാർ നിർത്തിയതിനെത്തുടർന്ന് ഒന്നിനു പിറകെ ഒന്നായി ആറു കാറുകൾ കൂട്ടിയിടിച്ചു. ഒരു ബൈക്കും കൂട്ടിയിടിച്ചു. ദേശീയപാത കുഴൽമന്ദം ജംക്‌ഷനിൽ ഇന്നലെ രാത്രി എഴേകാലോടെയാണ് അപകടം. പാലക്കാട്ടു നിന്ന് ആലത്തൂർ ഭാഗത്തേക്കു പോവുകയായിരുന്നു വാഹനങ്ങൾ.
ഷാഹുൽഹമീദ്, സാദിയ, അഫ്സൽ എന്നിവരെ പരുക്കുകളോടെ കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഒന്നര മണിക്കൂർ വാഹനഗതാഗതം തടസ്സപ്പെട്ടു. കുഴൽമന്ദം പൊലീസ് ഗതാഗതം നിയന്ത്രിച്ചു. ഇതിനു പുറമേ മഴയിൽ കൊടുവായൂർ റോഡിൽ പുല്ലുപ്പാറയിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. വൈദ്യുതിക്കാലും വീണിരുന്നു, ആളപായമില്ല.