പിടികൂടി കൂട്ടിലടച്ചിട്ട് നാലുമാസം, ‘ധോണി’യെ ഇനി എന്തുചെയ്യും? വിഷയം കോടതിയിൽ, ഒരു പിടിയുമില്ല!

Mail This Article
പാലക്കാട് ∙ പിടികൂടി കൂട്ടിലടച്ചു നാലുമാസം കഴിഞ്ഞിട്ടും പി.ടി.ഏഴാമന്റെ (ധോണി) ഭാവി സംബന്ധിച്ചു തീരുമാനമായില്ല. അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമർശങ്ങൾ വന്നതോടെയാണ് വനംവകുപ്പ് ധോണിയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകുന്നത്. ആനയെ കൂട്ടിലടച്ചതിനെതിരെ ചിലർ കോടതിയെയും സമീപിച്ചിട്ടുണ്ട്. ധോണിയുടെ തുടർനടപടിയുടെ കാര്യത്തിൽ വിദഗ്ധസമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡിവിഷനിൽ നിന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനു കത്തു നൽകിയിട്ടുണ്ട്.

ജനുവരി 22ന് മയക്കുവെടിവച്ച് പിടികൂടിയ പി.ടി.ഏഴാമനെ പരിശീലിപ്പിച്ചു കുങ്കിയാക്കുമെന്നായിരുന്നു വനംമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നത്. പ്രത്യേകം നിർമിച്ച കൂട്ടിൽ പുട്ടിയിട്ട ആന, പാപ്പാൻമാരുമായി ഇണങ്ങിയ ശേഷം പുറത്തിറക്കാനായിരുന്നു തീരുമാനം. അതിനു ശേഷം കുങ്കിപരിശീലനം നൽകാനും തീരുമാനിച്ചു. ആദ്യദിവസങ്ങളിൽ കൂട്ടിൽ വലിയതോതിൽ എതിർപ്പുകാണിച്ചെങ്കിലും പാപ്പാൻമാരുമായി നന്നായി ഇണങ്ങി. മൂന്നുമാസം കൊണ്ടു തന്നെ പുറത്തിറങ്ങാവുന്ന സാഹചര്യമായി.
ഇതിനിടെ അരിക്കൊമ്പൻ കേസ് ഹൈക്കോടതിയിൽ വന്നപ്പോൾ ആനകളെ പിടികൂടി കൂട്ടിലടയ്ക്കുന്നതു സംബന്ധിച്ച പരാമർശങ്ങൾ കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. ആനയെ പിടികൂടി കൂട്ടിലടയ്ക്കാൻ സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നിലവിൽ പിടികൂടിയിരിക്കുന്ന ആനകളുടെ ആരോഗ്യാവസ്ഥ സംബന്ധിച്ചും കോടതി ആശങ്ക പ്രകടിപ്പിച്ചു. അതുകൊണ്ടു തന്നെ പി.ടി.ഏഴാമനു പരിശീലനം നൽകി കുങ്കിയാക്കുന്ന കാര്യത്തിൽ സർക്കാരിന് ഏകപക്ഷീയമായ തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയായി. വിദഗ്ധസമിതി രൂപീകരിച്ച് കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുകയാണ് സർക്കാരിനു മുന്നിലുള്ള വഴി. അതിനുള്ള നടപടികളാണു വൈകുന്നത്.