ADVERTISEMENT

കൊല്ലങ്കോട് ∙ കാടിറങ്ങിയ ആനകളുടെ വിളയാട്ടത്തിൽ, കേന്ദ്ര സർക്കാരിന്റെ ഇന്റഗ്രേറ്റഡ് ഫാർമർ പുരസ്കാരം നേടിയ കർഷകന്റെ കൃഷിയിടത്തിൽ നശിച്ചതു നൂറോളം തെങ്ങുകളും ഇരുനൂറോളം വാഴകളും. തേക്കിൻചിറയിൽ ടി.സഹദേവന്റെ കൃഷിയിടത്തിലാണു മൂന്നു കാട്ടാനകൾ കഴിഞ്ഞ ദിവസം രാത്രി വ്യാപക നാശമുണ്ടാക്കിയത്. അഞ്ചു വർഷത്തോളം പ്രായമുള്ള കായ്ച്ചു തുടങ്ങിയ തെങ്ങുകളാണു നശിപ്പിച്ചത്. പലകപ്പാണ്ടിക്കടുത്തു സുക്കിരിയാൽ പ്രദേശത്തെ സൗരവേലി തകർത്താണു കാട്ടാനകൾ ജനവാസ മേഖലയിലെ കൃഷിയിടത്തിൽ എത്തിയത്.

മറ്റു മൂന്നിടങ്ങളിലെ സൗരവേലികളും കാട്ടാനകൾ തകർത്തിട്ടുണ്ട്. വാലുമുറിയൻ ഉൾപ്പെടുന്ന മൂന്ന് ആനകൾ നേരത്തെയും മുതലമട, കൊല്ലങ്കോട് പഞ്ചായത്തിന്റെ മലയോര മേഖലയിൽ വ്യാപക നാശം ഉണ്ടാക്കിയിരുന്നു. സൗരവേലിയിൽ മരം തള്ളിയിട്ടു തകർത്താണ് ഇവ കാടിറങ്ങുന്നത്. ടി.സഹദേവന്റെ സമീപത്തെ കൃഷിയിടങ്ങളിലെ മാവ്, വാഴ എന്നിവയ്ക്കും നാശം ഉണ്ടാക്കിയിട്ടുണ്ട്. മുതലമട പഞ്ചായത്ത് അധ്യക്ഷ പി.കൽപനാദേവി, സ്ഥിരം സമിതി അധ്യക്ഷ പി.സരസ്വതി, പഞ്ചായത്ത് അംഗങ്ങളായ സി.വിനേഷ്, നസീമ കമറുദ്ദീൻ എന്നിവരും കർഷക സംരക്ഷണ സമിതി ഭാരവാഹികളും  പ്രദേശം സന്ദർശിച്ചു.

സൗരവേലിക്ക് ഒരു കോടി രൂപ അനുവദിച്ചു; അനങ്ങാതെ വനംവകുപ്പ്

കൊല്ലങ്കോട് ∙ മലയോര മേഖലയിൽ തൂക്കു സൗരവേലി നിർമിക്കണമെന്നു കർഷക സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്, മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകൾ എന്നിവ ചേർന്നു തൂക്കു സൗരവേലിക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടും അതിനു നടപടി സ്വീകരിക്കുന്ന കാര്യത്തിൽ വനംവകുപ്പ് അലംഭാവം കാണിക്കുകയാണെന്നു കൃഷിനാശം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ഭാരവാഹികൾ ആരോപിച്ചു.  കെ.ചിദംബരൻകുട്ടി, സി.വിജയൻ, സി.പ്രഭാകരൻ, കെ.ശിവാനന്ദൻ, ആർ.മനോഹരൻ, സുരേഷ് ഓനൂർപള്ളം, സുനിൽകുമാർ, പി.ചെന്താമരാക്ഷൻ എന്നിവരടങ്ങിയ സംഘമാണു കൃഷി നാശം ഉണ്ടായ കൃഷിയിടം സന്ദർശിച്ചത്. 

തൂക്കു സൗരവേലി: 60 ലക്ഷത്തിന്റെ പദ്ധതിക്ക് ടെൻഡറായി

കൊല്ലങ്കോട് ∙ മലയോര മേഖലയിൽ തൂക്കു സൗരവേലി നിർമിക്കുന്നതിനു 60 ലക്ഷം രൂപയുടെ പദ്ധതി ടെൻഡറായി. സുക്കിരിയാലിനും സീതാർകുണ്ടിനും ഇടയിൽ 4.5 കിലോമീറ്ററിലും എലവഞ്ചേരി പഞ്ചായത്തിലെ കാവളച്ചിറ–പന്നിക്കേൽ ഭാഗത്തെ 4.5 കിലോമീറ്ററുമാണ് തൂക്കു സൗരവേലി സ്ഥാപിക്കുക. 4.5 കിലോമീറ്ററിനു 30 ലക്ഷം രൂപ വച്ചാണു ടെൻഡർ ചെയ്തത്. ഇതു ടെൻഡർ എടുത്തയാൾ അടുത്ത ദിവസം കരാർ ഒപ്പിടും. നിലവിൽ കാട്ടാനകൾ കാടിറങ്ങുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്നതാണു പദ്ധതി പ്രദേശമെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇതു കൂടാതെ തമിഴ്നാട് അതിർത്തിയായ ചെമ്മണാംപതി മുതൽ പലകപ്പാണ്ടി വരെയുള്ള 27 കിലോമീറ്റർ ദൂരം തൂക്കു സൗരവേലി സ്ഥാപിക്കുന്നതിനു ത്രിതല പഞ്ചായത്തും വനംവകുപ്പും ചേർന്നു 2 കോടിയോളം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com