വീണ്ടും വരുന്നു പൊരിയാനി ടോൾബൂത്ത്; പ്രതിഷേധവുമായി സിപിഎം, കോൺഗ്രസ്

Mail This Article
മുണ്ടൂർ ∙ ദേശീയപാത പൊരിയാനിയിൽ ടോൾ ബൂത്ത് നിർമാണ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഎമ്മും കോൺഗ്രസും. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ മുണ്ടൂർ പൊരിയാനി ഐആർടിസിക്കു മുന്നിലാണ് ടോൾ പിരിവ് കേന്ദ്രം നിർമിക്കുന്നത്. ഇതിനെതിരെ തുടക്കം മുതൽ പ്രതിഷേധം ഉയർന്നിരുന്നു. ചെർപ്പുളശ്ശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു ചുരുങ്ങിയ കിലോമീറ്റർ യാത്രചെയ്യാൻ ഭീമമായ തുക ടോൾ നൽകേണ്ടി വരും എന്നാണ് പ്രധാന ആക്ഷേപം. അതിനാൽ ടോൾ ബൂത്ത് ഇവിടെ നിന്നു മണ്ണാർക്കാട് റൂട്ടിലേക്കു മാറ്റണം എന്ന് ഇവർ ആവശ്യപ്പെടുന്നു.
സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. ഏരിയ സെക്രട്ടറി സി.ആർ.സജീവ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ.സി.ശിവൻ തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഇടപെടലിൽ തൽക്കാലം ഇന്നലെ തുടങ്ങാനിരുന്ന പണി നിർത്തി വച്ചു. ഈ മാസം 3 ന് ഇതു സംബന്ധിച്ച ചർച്ച നടക്കും. പൊരിയാനി ടോൾ ബൂത്ത് നിർമാണ നീക്കത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ.കെ.വാസു അധ്യക്ഷത വഹിച്ചു എം.ആർ.അനിൽകുമാർ, എൻ.രാജൻ, കെ.ജി, സുകുമാരൻ, എ.സി.സിദ്ധാർഥൻ, സി.പി. ചാക്കോ, പി.രാമദാസ്, എ.മുഹമ്മദ് റാഫി, കെ.കെ.മുസ്തഫ, സേതുമാധവൻ പ്രസംഗിച്ചു.