പാലക്കാട് ∙ കുട്ടികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങി. ഇനി പഠന കാലം. വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്കൂളുകളിലെ അവസാന ഘട്ട ഒരുക്കം വിലയിരുത്തി. 1004 സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസുകളിലുള്ള 7,27,581 കുട്ടികൾ നാളെ സ്കൂളിലേക്ക്. ജില്ലയിൽ പുതുതായി ഒന്നാം ക്ലാസിൽ ചേർന്നത് 8,113 കുട്ടികൾ. പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലകളിലെ കണക്കാണിത്. സ്കൂൾ തുറന്ന് 6 പ്രവൃത്തി ദിവസം വരെ കുട്ടികളെ ചേർക്കാമെന്നതിനാൽ എണ്ണം ഇനിയും ഉയരും. ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കും പ്രവേശനം നടക്കുന്നുണ്ട്.
ജില്ലാ തല പ്രവേശനോത്സവം നാളെ മലമ്പുഴ ജിവിഎച്ച്എസ്എസിൽ നടക്കും. രാവിലെ 10ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനാവും. വി.കെ.ശ്രീകണ്ഠൻ എംപി നവാഗതരെ സ്വീകരിക്കും. എ.പ്രഭാകരൻ എംഎൽഎ സൗജന്യ പാഠപുസ്തക വിതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ സൗജന്യ യൂണിഫോം വിതരണവും നടത്തും. കലക്ടർ ഡോ.എസ്.ചിത്ര പ്രതിഭകളെ ആദരിക്കും. ഇതിനകം 19.20 ലക്ഷം പാഠപുസ്തകങ്ങൾ കെഎസ്ബിസിയുടെ ഷൊർണൂർ ഡിപ്പോ വഴി വിതരണം ചെയ്തു.
ഇനി വിതരണം ചെയ്യാനുള്ളതു 1,6,7 ക്ലാസ്സുകളിലെ 2 ലക്ഷത്തോളം പുസ്തകങ്ങൾ. ഇവ ജൂൺ ആറിനുള്ളിൽ വിതരണം പൂർത്തിയാക്കും. യൂണിഫോം വിതരണവും ഇതിനകം പൂർത്തിയാക്കും. സ്കൂൾ തുറന്നാലും മോട്ടർ വാഹന വകുപ്പിന്റെ സ്കൂൾ ബസുകളുടെയും വിദ്യാർഥികളെ കയറ്റി കൊണ്ടുപോകുന്ന വാഹനങ്ങളുടെയും പരിശോധന തുടരും. ജില്ലയിലെ മിക്ക സ്കൂളുകളുടെയും ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റ്, ജിപിഎസ് എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കും.
കലക്ടറുടെ നിർദേശങ്ങൾ
∙ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകൾ 2 ദിവസത്തിനുള്ളിൽ അത് ഉറപ്പാക്കണം
∙ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളുകളുടെ പരിസരം ശുചീകരിക്കുകയും മരങ്ങളും ചെടികളും വച്ചു സംരക്ഷിക്കുകയും വേണം.
∙ അഞ്ചിനു മുൻപായി ഹരിത സഭ രൂപീകരിക്കണം.
∙ എല്ലാ ആഴ്ചയും ഹരിത കർമ സേനയുടെ നേതൃത്വത്തിൽ സ്കൂളുകൾ ശുചിയാക്കണം.
∙ സ്കൂളുകളിലും പരിസരത്തും ഇഴജന്തുക്കൾ, തെരുവുനായ, വന്യമൃഗം എന്നിവയുടെ ശല്യം ഇല്ലെന്ന് ഉറപ്പാക്കണം. ഉണ്ടെങ്കിൽ പഞ്ചായത്ത് അധികൃതരുടെയും ഡിഎഫ്ഒയുടെയും നേതൃത്വത്തിൽ നടപടി സ്വീകരിക്കണം.
∙ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങളും കൊമ്പുകളും മുറിച്ചു നീക്കണം.
∙ ലഹരിക്കെതിരെ ജാഗ്രതാ സമിതികൾ ഈ ആഴ്ച തന്നെ രൂപീകരിക്കണം.
ഇതിനകം ഉറപ്പാക്കി
∙ എല്ലാ സ്കൂളുകളിലും ശുദ്ധജലം, വൈദ്യുതി, മാലിന്യ സംസ്കരണ സംവിധാനം.
∙ സ്കൂളും സ്കൂളിന്റെ പരിസരവും ശുചിയാക്കി.
∙ വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നമുണ്ടായാൽ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഡോക്ടറുടെ സേവനം.
∙ എല്ലാ സ്കൂളിലും പ്രാഥമിക ശുശ്രൂഷ കിറ്റ്.
∙ ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യ വസ്തുക്കൾ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചു.
∙ സ്കൂളുകളിലെ വൈദ്യുതി ഉപകരണങ്ങൾ കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധിച്ചു.
നാളെ മുതൽ
∙ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധന നടത്തും
∙ ബസുകളിൽ വിദ്യാർഥികളെ കയറ്റുന്നുണ്ടെന്നും കൺസഷൻ ലഭിക്കുന്നുണ്ടെന്നും മോട്ടർ വാഹന വകുപ്പ് ഉറപ്പാക്കും.
∙ സ്കൂളുകളുടെ പരിസരത്തു ലഹരി വിൽപന ഇല്ലെന്ന് ഉറപ്പാക്കാൻ എക്സൈസ് പരിശോധന.
∙ വിദ്യാർഥികളെ വാഹനങ്ങളിൽ കുത്തി നിറച്ചു കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസ്, മോട്ടർ വാഹന വകുപ്പ് പരിശോധന.