ADVERTISEMENT

കൊല്ലങ്കോട് ∙ നൂറോളം തെങ്ങുകൾ നശിപ്പിച്ച കൃഷിയിടത്തിലേക്ക് വീണ്ടും കാട്ടനക്കൂട്ടമെത്തി മുപ്പതോളം തെങ്ങുകൾകൂടി നശിപ്പിച്ചു. തേക്കിൻചിറകളത്തിൽ ടി.സഹദേവന്റെ കൃഷിയിടത്തിൽ ഇന്നലെ പുലർച്ചെയോടെ ഏഴ് ആനകൾ ഇറങ്ങിയാണു തെങ്ങുകൾ നശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരൻ ടി.വിശ്വനാഥന്റെ കൃഷിയിടത്തിലും പത്തോളം തെങ്ങുകൾ നശിപ്പിച്ചിട്ടുണ്ടെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം 3 ആനകൾ കാടിറങ്ങിയാണു സഹദേവന്റെ കൃഷിയിടത്തിലെ നൂറോളം തെങ്ങുകളും ഇരുന്നൂറോളം വാഴകളും നശിപ്പിച്ചത്.

അന്ന് കാടിറങ്ങിയ മൂന്നു കൊമ്പനാനകൾക്കൊപ്പം ഒരു കൊമ്പനും മൂന്നു പിടിയാനകളും കൂടി ചേർന്നാണ് ഇന്നലെ കൃഷി നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി പലകപ്പാണ്ടി ഭാഗത്തെ സൗരവേലി തകർത്ത് ഏഴംഗ കാട്ടാനക്കൂട്ടം കാടിറങ്ങിയതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്.മണിയന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം പടക്കംപൊ‌ട്ടിച്ചും ശബ്ദമുണ്ടാക്കിയും അവയെ കാടുകയറ്റിയെങ്കിലും വീണ്ടും ഇന്നലെ പുലർച്ചെ താഴോട്ടിറങ്ങുകയായിരുന്നു.

‘തൂക്കുവേലിയും കിടങ്ങും നിർമിക്കണം’

ജനവാസ മേഖലയിൽ പോലും കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ച സ്ഥിതി തടയാൻ തൂക്കുവേലിയും കിടങ്ങും നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികൾ വനം ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.വിജയാനന്ദനെ കണ്ടു. ചെമ്മണാംപതി മുതൽ എലവഞ്ചേരി വരെയുള്ള പ്രദേശത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും കാട്ടാനകൾ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുയാണെന്നു സിസിഎഫിനു നൽകിയ പരാതിയിൽ പറയുന്നു.

ത്രിതല പഞ്ചായത്തുകൾ 1 കോടിയോളം രൂപ തൂക്കു വേലിക്കായി വകയിരുത്തിയിട്ടുണ്ട്. വനംവകുപ്പ് അടിയന്തരമായി പണി നടത്തി കർഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. രക്ഷാധികാരി കെ.ചിദംബരൻകുട്ടി, ജില്ലാ പ്രസിഡന്റ് സി.വിജയൻ, കോഓർഡിനേറ്റർ സി.പ്രഭാകരൻ, ഭാരവാഹികളായ കെ.ശിവാനന്ദൻ, ആർ.മനോഹരൻ, ടി.സഹദേവൻ എന്നിവരാണു നേരിൽ കണ്ടു പ്രശ്നങ്ങൾ ഉന്നയിച്ചത്. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com