വാളയാർ ∙ ദേശീയപാതയിൽ വാഹന പരിശോധനയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ദേശീയപാതയിൽ തള്ളിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. കോട്ടയം കുമരകം സ്വദേശി അമൽ മുഹമ്മദ് അഷറഫിനെയാണു (34) വാളയാർ എസ്ഐ എച്ച്.ഹർഷാദിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2022 ജൂൺ രണ്ടിനായിരുന്നു സംഭവം. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വിദേശത്തേക്കു പോകാൻ ഉത്തർപ്രദേശിലെ ലക്നൗ വിമാനത്താവളത്തിൽ എത്തിയപ്പോഴാണു പൊലീസ് സാഹസികമായി പിടികൂടിയത്. ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളയാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തുകയായിരുന്നു. സിവിൽ എക്സൈസ് ഓഫിസർ എസ്.സുബിനു നേരെയാണ് ആക്രമണമുണ്ടായത്.
കോയമ്പത്തൂർ ഭാഗത്തു നിന്നു കാറിൽ പാഞ്ഞെത്തിയ അമൽ മുഹമ്മദും സംഘവും ഉദ്യോഗസ്ഥർക്കിടയിലേക്കു വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചു. ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറിയതിനാൽ ആർക്കു പരുക്കേറ്റില്ല. ഇവരെ പിന്തുടർന്ന് ഓടിയ സുബിനെ കാറിലേക്കു വലിച്ചു കയറ്റി മർദിച്ച ശേഷം അട്ടപ്പള്ളത്തു റോഡരികിൽ തള്ളുകയായിരുന്നു. കാറിലുണ്ടായിരുന്ന 125 കിലോഗ്രാം കഞ്ചാവ് എലപ്പുള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കസബ പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഇനി 2 പേർ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരിൽ നിന്നു കഞ്ചാവു വാങ്ങിയ 2 പേരെയും 12 കിലോ കഞ്ചാവും അന്ന് എക്സൈസ് സിഐ പി.കെ.സതീഷിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് വാളയാർ ഇൻസ്പെക്ടർ എ.അജീഷ്, എസ്ഐ എച്ച്.ഹർഷാദ് എന്നിവർ അറിയിച്ചു.