വടക്കഞ്ചേരി∙ മാത്തൂര്‍ എഎല്‍പി സ്കൂളില്‍ ഇത്തവണ ആദ്യാക്ഷരം കുറിക്കാൻ എട്ട് ജോടി ഇരട്ടകളും ഒപ്പം ആകര്‍ഷ്, ആരുഷ്, ആയുഷ് എന്നീ മൂവര്‍ സംഘവുമായപ്പോള്‍ സ്കൂള്‍ മുറ്റത്ത് വിസ്മയം വിടര്‍ന്നു.പ്രവേശനോത്സവത്തില്‍ ശ്രദ്ധാകേന്ദ്രമായ ഇവരെ മറ്റ് കുട്ടികള്‍ക്ക് പരിചയപ്പെടുത്താൻ പ്രധാനാധ്യാപിക നന്ദിനി മറന്നില്ല. ചെമ്പോട് സ്വദേശി സുരേഷ് ബാബു-രമ്യ ദമ്പതികളുടെ മക്കളായ ആകർഷ്, ആരുഷ്, ആയുഷ് എന്നിവരെയും ഇരട്ടക്കുട്ടികളായ അനന്തിയ-അവന്തിയ, അദിരാഷ്-അഭിനാഷ്, എവിന്‍-കെവിന്‍, ആദിത്യന്‍-ആദര്‍ശ്, ദേവാനന്ദ്--ദേവരാജ്, വൈഷ്ണവ്-വൈഗലക്ഷ്മി, ഹിഷാം-ഹാഷീം, അഭിനയ-അഭിനന്ദ എന്നീ ഇരട്ടകളേയും കിരീടം അണിയിച്ചു.
എല്ലാ നവാഗതര്‍ക്കും പൂക്കള്‍ നല്‍കിയും റിബണ്‍ അണിയിച്ചും സ്കൂളിലേക്ക് സ്വീകരിച്ചു. പ്രവേശനോത്സവം പഞ്ചായത്ത് അംഗം ദിവ്യ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുള്‍ കാദര്‍ അധ്യക്ഷനായി. 43 കുട്ടികളും 4 അധ്യാപകരുമായി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്കൂളിനെ മുന്‍ പ്രധാനാധ്യാപകനും മാനേജരുമായ എസ്.ശിവശങ്കരന്റെ മേല്‍നോട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും പുതിയ കെട്ടിടങ്ങളും പാര്‍ക്കും ഉള്‍പ്പെടെ നിര്‍മിച്ചും മികച്ച രീതിയില്‍ കൊണ്ടുവരികയായിരുന്നു. ഇന്ന് 504 കുട്ടികള്‍ ഈ എല്‍പി സ്കൂളില്‍ പഠിക്കുന്നു.