ADVERTISEMENT

പാലക്കാട് ∙ കേരളം അടിയന്തരമായി ഇടപെട്ടതോടെ ഇന്നുമുതൽ ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കു ജലം ലഭ്യമാക്കാമെന്നു തമിഴ്നാടിന്റെ ഉറപ്പ്. സെക്കൻഡിൽ 100 ഘനയടി തോതിലാണു ജലം ലഭ്യമാക്കുക. മണക്കടവ് വിയറിലും ഇതേ അളവിൽ ജലം ലഭിക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ചിറ്റൂർപ്പുഴയും തടയണകളും വറ്റി പദ്ധതി പ്രദേശത്തെ ശുദ്ധജല വിതരണം സ്തംഭനാവസ്ഥയിലേക്കു നീങ്ങിയതോടെയാണു കേരളത്തിന്റെ അടിയന്തര ഇടപെടൽ.

സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടർ ഷെറിൻ മേരി സാം, ആളിയാർ ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാജിത എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട് എക്സിക്യൂട്ടീവ് എൻജിനീയർ മുരുകേശൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലീല എന്നിവരുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.

ചിറ്റൂർപ്പുഴയിലേക്കു വെള്ളം ലഭിച്ചേ മതിയാകൂ എന്ന നിലപാടിൽ കേരളം ഉറച്ചു നിന്നതാണു ജല ലഭ്യതയ്ക്കു വഴി തുറന്നത്. കാർഷിക ആവശ്യത്തിനുള്ള ജലം 7 മുതൽ ലഭ്യമാക്കാനും ധാരണയായി. ആളിയാറിൽ ഡാമിൽ 900 ദശലക്ഷം ഘനയടി (എംസിഎഫ്ടി) ജലമാണ് ഉള്ളത്. ഇതിൽ 600 എംസിഎഫ്ടി ജലം ഉപയോഗിക്കാനാകും. ഇക്കാര്യം കേരളം ചൂണ്ടിക്കാണിച്ചു. മേയ് 15 മുതൽ 31 വരെ ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്ക് 400 ദശലക്ഷം ഘനയടി ജലം ലഭ്യമാക്കേണ്ടതാണെങ്കിലും കിട്ടിയില്ല. തുടർന്നു കേരളം നിലപാട് കടുപ്പിച്ചിരുന്നു.

കാർഷിക ആവശ്യത്തിനുള്ള ജലം നേടിയെടുക്കാൻകൂടി നടപടി ഉണ്ടാകുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പറമ്പിക്കുളം –ആളിയാർ പദ്ധതിയുടെ ചുമതലയുള്ള തമിഴ്നാട് ചീഫ് എൻജിനീയർ ഇന്നലെ വിരമിച്ചിരുന്നു. പുതിയ ഉദ്യോഗസ്ഥൻ ഇന്നു ചുമതലയേറ്റു. ഇദ്ദേഹം ഉൾപ്പെടെയുള്ളവരുമായി തുടർ ചർച്ച നടത്താനുള്ള ഒരുക്കത്തിലാണു കേരളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com