പാലക്കാട് ∙ ഇടവപ്പാതി കഴിഞ്ഞിട്ടും പെയ്യാൻ കൂട്ടാക്കാതെ മഴ വല്ലാതെ മടിപിടിച്ചിരിക്കുകയാണെങ്കിലും കർഷകർ പ്രതീക്ഷയോടെ ഒന്നാംവിള നെൽക്കൃഷി ആരംഭിച്ചു. പൊടിവിത നേരത്തെ തുടങ്ങി. ഉടൻ മഴ പെയ്യുമെന്ന പ്രതീക്ഷയിൽ പലയിടത്തും ഞാറ്റടി തയാറാക്കിത്തുടങ്ങി. ചിലയിടങ്ങളിൽ കുഴൽക്കിണറിൽ നിന്നും മറ്റും പാടത്തേക്ക് വെള്ളം പമ്പു ചെയ്തെടുത്തു പാടം പൂട്ടി നിരത്തി നടീലും തുടങ്ങി. കിണാശ്ശേരി സെൻട്രൽ പാടശേഖരത്തിലാണു നടീൽ തുടങ്ങിയിട്ടുള്ളത്.
ഈ മാസം പകുതിയോടെ പരമാവധി നടീൽ പൂർത്തിയാക്കാനാണ് കാർഷിക കലണ്ടർ പ്രകാരമുള്ള ധാരണ. എങ്കിൽ മാത്രമേ ഒക്ടോബറിൽ ഒന്നാംവിള കൊയ്ത്തു പൂർത്തിയാക്കി നവംബറിൽ രണ്ടാംവിള നടീൽ ആരംഭിക്കാനാകൂ. അടുത്ത ആഴ്ചയോടെയെങ്കിലും മഴ സജീവമായാൽ മാത്രമേ ഒന്നാംവിള നടീൽ ഉദ്ദേശിച്ച സമയത്തു പൂർത്തിയാക്കാനാകൂ. ഏറെ വൈകിയെങ്കിലും ഉടൻ മഴ ലഭിച്ചു തുടങ്ങുമെന്നാണു കാലാവസ്ഥാ പ്രവചനം. ഇതിലാണു കൃഷിക്കാരുടെ പ്രതീക്ഷ.
ഒന്നാംവിളയിൽ പതിവുപോലെ ഭൂരിഭാഗം കൃഷിക്കാരും ഉമ നെൽവിത്താണ് ഇറക്കിയിട്ടുള്ളത്. ജില്ലയിൽ ശരാശരി 36,000–40,000 ഹെക്ടർ സ്ഥലത്താണ് ഒന്നാംവിള നെൽക്കൃഷിയിറക്കുക.
കഷ്ടം: വില കിട്ടാൻ ഇനിയും എത്ര നാൾ ?
ഈ മട്ടിലാണ് രണ്ടാംവിള നെല്ലെടുപ്പിലെ വില വിതരണം. സംഭരിച്ച നെല്ലിന്റെ വില നൽകാൻ 3 ബാങ്കുകളായി സപ്ലൈകോ കരാർ ഒപ്പിട്ടെങ്കിലും ആയിരക്കണക്കിനു കൃഷിക്കാർക്ക് ഇനിയും വില ലഭിക്കാനുണ്ട്. ജില്ലയിൽ അരലക്ഷം കർഷകർക്കാണു നെൽവില നൽകാനുള്ളത്. നെല്ലിന്റെ വില കിട്ടാതെ കർഷകർ കടുത്ത ദുരിതത്തിലായിട്ടും ഇതേക്കുറിച്ച് ഒന്നു സംസാരിക്കാൻ പോലും തയാറാകാത്ത ജനപ്രതിനിധികളും ജില്ലയിലുണ്ട്. ഒന്നോ, രണ്ടോ പേരാണ് നെല്ലിന്റെയും കർഷകരുടെയും കാര്യം സംസാരിക്കുന്നത്.
വില വിതരണം ഇത്രയേറെ വൈകുന്നതിൽ യാതൊരു ന്യായീകരണവും ഇല്ലെന്നു കർഷകർ സങ്കടപ്പെടുമ്പോഴും തുക ലഭ്യത വൈകുകയാണ്. സമീപകാലത്തൊന്നും ഇത്രയേറെ സാമ്പത്തിക പ്രതിസന്ധിയിലും ദുരിതത്തിലും അകപ്പെട്ടില്ലെന്നു കൃഷിക്കാർ പറയുന്നു.