ADVERTISEMENT

മണ്ണാർക്കാട്∙ മണ്ണാർക്കാട് താലൂക്ക് ഓഫിസിൽ കൈക്കൂലി റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് താലൂക്ക് വികസന സമിതിയിൽ ആരോപണം. കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വി.സുരേഷ്കുമാറിന് കൈക്കൂലി വാങ്ങാൻ സഹായം ചെയ്തത് ഈ റാക്കറ്റാണെന്നും അവർക്ക് എതിരെ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. കൈക്കൂലിക്കേസിൽ സുരേഷ്കുമാർ അറസ്റ്റിലായ ശേഷം നടക്കുന്ന ആദ്യത്തെ വികസന സമിതി യോഗത്തിലാണ് റവന്യു ഉദ്യോഗസ്ഥർക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നത്. കൈക്കൂലിക്കേസ് വില്ലേജ് ഫീൽ‍ഡ് അസിസ്റ്റന്റിന്റെ തലയിൽ മാത്രം കെട്ടിവച്ച് മറ്റുള്ളവരെ രക്ഷപ്പെടാൻ സഹായിക്കുന്ന നിലപാട് അനുവദിക്കില്ല. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിചാരിച്ചാൽ മാത്രം രേഖകൾ നൽകാനാവില്ല.

ഇതിന് സുരേഷ്കുമാറിനെ സഹായിച്ചവർ വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലുമുണ്ട്. സുരേഷ്കുമാർ മുഖേന നൽകിയ രേഖകൾ പരിശോധിക്കണം. പട്ടയത്തിനു വേണ്ടി പതിമൂന്ന് വർഷം നടന്നിട്ടും കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. തണ്ടപ്പേരിന് മാത്രം 3000രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അനാവശ്യ കാരണങ്ങൾ പറഞ്ഞ് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി നൽകാൻ നിർബന്ധിപ്പിക്കുന്ന സ്ഥിതിയാണ്. വില്ലേജ് ഓഫിസുകളിലെ അഴിമതി തടയാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തഹസിൽദാർ കെ.ബാലകൃഷ്ണൻ അറിയിച്ചു. 

കലക്ടറുടെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ 19 വില്ലേജുകളിലും പരിശോധന നടത്തും. ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി കഴിഞ്ഞ ദിവസം മണ്ണാർക്കാട്ടെത്തി അന്വേഷണം നടത്തിയിരുന്നുവെന്നും ഭൂരേഖ തഹസിൽദാർ എം.കെ.സക്കീർ ഹുസൈൻ സഭയെ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ രാത്രിയായാൽ സേവനം ഇല്ലെന്ന് യോഗത്തിൽ പരാതി ഉയർന്നു. മുതിർന്ന അംഗം എം.ഉണ്ണീൻ അധ്യക്ഷത വഹിച്ചു. പി.ആർ.സുരേഷ്, ടി.കെ.സുബ്രഹ്മണ്യൻ, പാലോട് മണികണ്ഠൻ, കേശവൻ, മോൻസി തോമസ് തുടങ്ങിയ അംഗങ്ങൾ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com