പാലക്കാട് ∙ എസ്എസ്എൽസി, പ്ലസ്ടു പുനർ മൂല്യനിർണയ ഫലം വൈകുന്നതിൽ വിദ്യാർഥികൾ ആശങ്കയിൽ. പ്ലസ് വൺ പ്രവേശന നടപടികളും ഉപരിപഠന പ്രവേശന നടപടികളും ആരംഭിച്ചുകഴിഞ്ഞു. ഈ ആഴ്ചയെങ്കിലും ഫലം പ്രഖ്യാപിച്ചില്ലെങ്കിൽ പുനർ മൂല്യനിർണയത്തിലൂടെ മാർക്ക് കൂടുതൽ ലഭിച്ചാലും അതിന്റെ ഫലം വിദ്യാർഥികൾക്കു ലഭിക്കില്ല.
പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം 9ന് അവസാനിക്കും. 10–ാം ക്ലാസിൽ പുനർ മൂല്യനിർണയത്തിനു 400 രൂപയാണ് ഫീസ്. പ്ലസ്ടുവിന് 500 രൂപയും. ഉത്തരപ്പേപ്പറിന്റെ പകർപ്പിന് 300 രൂപയും സ്ക്രൂട്ടിനിക്ക് 100 രൂപയുമാണു ഫീസ്.
ആയിരക്കണക്കിനു വിദ്യാർഥികൾ ഫീസ് അടച്ച് പുനർ മൂല്യനിർണയത്തിന്റെ ഫലത്തിനായി കാത്തിരിക്കുമ്പോൾ വിദ്യാർഥികളുടെ പ്രവേശന നടപടികൾക്കു പ്രയോജനപ്പെടുത്താതെ ഫലം പ്രഖ്യാപിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണു വിദ്യാർഥികളുടെ ആവശ്യം.പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചതിനു ശേഷമേ പ്ലസ് വൺ പ്രവേശനം അവസാനിപ്പിക്കാൻ പാടുള്ളുവെന്ന് ആവശ്യപ്പെട്ട് റെയ്മണ്ട് ആന്റണി മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്കു പുനർ മൂല്യനിർണയത്തിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ മൂല്യനിർണയത്തിന്റെ മാർക്കുകൾ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്.മനോജും ആവശ്യപ്പെട്ടു.