ADVERTISEMENT

പാലക്കാട് ∙ കാലവർഷക്കാറ്റ്, അറബിക്കടലിൽ രൂപപ്പെട്ട ചുഴലിയുടെ പിടിയിൽ പ്പെട്ടതേ‍ാടെ കാലവർഷം ഇനിയും വൈകാൻ സാധ്യതയെന്ന് നിരീക്ഷണം. ഇടിയും മിന്നലേ‍ാടും കൂടി ശക്തമായ മഴ പലയിടത്തും അടുത്ത ദിവസങ്ങളിൽ പെയ്യുമെങ്കിലും കാലവർഷത്തിലെ തുടർച്ചയായ മഴ കിട്ടാൻ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞരുടെ നിഗമനം. ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം പാലക്കാട്ട്  മഴക്കാലം ആരംഭിക്കാൻ പിന്നെയും വൈകും. കാറ്റ് നേരെ പാലക്കാടൻ ചുരത്തിൽ കടക്കുന്നതാണ് അതിനു കാരണം. അതുവഴി, കേ‍ായമ്പത്തൂരിൽ ആദ്യം മഴ ലഭിക്കാറുണ്ട്. തിരുവനന്തപുരത്തിനും  കെ‍ാച്ചിക്കും ഇടയിൽ സംസ്ഥാനത്ത് എത്തുന്ന കാലവർഷം ആദ്യം തെക്കും പിന്നീട് വടക്കും പ്രദേശങ്ങളിൽ വ്യാപിക്കുന്നതാണ് രീതി. 

മഴ വൈകുകയും, ഇടവപ്പാതിയിലും കടുത്ത ഉഷ്ണം അനുഭപ്പെടുകയും ചെയ്യുന്നത് ജില്ലയിലെ കാർഷികമേഖലയെ ബാധിച്ചുതുടങ്ങി. ഒരാഴ്ച മുൻപ് അറബിക്കടലിൽ രൂപംകെ‍ാണ്ട ചക്രവാതച്ചുഴലി, തീവ്ര ന്യൂനമർദ്ദമായി മാറുന്നതിനു മുൻപ് കാലവർഷം തുടങ്ങുമെന്നായിരുന്നു കാലാവസ്ഥകേന്ദ്രത്തിന്റെ( ഐഎംഡി) ആദ്യ പ്രവചനമെങ്കിലും പടിവാതിക്കലെത്തിയ കാലവർഷക്കാറ്റിനെ ചക്രവാതച്ചുഴി വലിച്ചെടുത്തതേ‍ാടെ അതുണ്ടായില്ല. ന്യൂനമർദ്ദ സ്വാധീനത്തിൽ കാലവർഷം ശക്തിപ്പെടുമെന്ന നിഗമനവും ഉണ്ടായിരുന്നു. ഇപ്പേ‍ാഴത്തെ സാഹചര്യത്തിൽ, മഴക്കാലം അടുത്തദിവസം ആരംഭിച്ചാലും അതു ദുർബലമാകുമെന്നാണ് നിഗമനം.   

എന്നാൽ, ചുഴലിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിപ്പുണ്ട്. ജൂണിലും ജൂലൈയിലും മഴ കുറയുകയും ഒ‍ാഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അത് ശക്തമായി തിരിച്ചുവരികയും ചെയ്ത മുൻവർഷങ്ങളിലെ രീതി ഇത്തവണയും ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. അങ്ങനെ വന്നാൽ, കൃഷിയിറക്കൽ, അതിന്റെ വളർച്ച, വിളവ്, ഗുണം എന്നിവയെ ഗുരുതരമായി ബാധിക്കും. 

മുൻപ് കാലവർഷവുമായി ബന്ധപ്പെട്ടുളള അന്തരീക്ഷത്തിലെ മാറ്റങ്ങൾക്ക് ദിവസങ്ങളെടുത്തിരുന്നെങ്കിൽ, കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് നാലും അഞ്ചും മണിക്കൂറിനുള്ളിൽ അവ സംഭവിക്കുന്നതായി കുസാറ്റ് റഡാർ റിസർച്ച് സെന്റർ അക്കാദമിക് കേ‍ാ–ഒ‍ാർഡിനേറ്ററും കാലാവസ്ഥ ശാസ്ത്രജ്ഞനുമായ ഡേ‍ാ.എം.ജി.മനേ‍ാജ് പറഞ്ഞു.പലപ്പേ‍ാഴും നിഗമനത്തിലെത്താൻ കഴിയാത്ത സ്ഥിതിയും ഉണ്ടാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com