പാലക്കാട് ∙ മോട്ടർ വാഹന വകുപ്പിന്റെ പരിശോധന അയഞ്ഞതോടെ ചില സ്വകാര്യ ബസുകൾ ഡോർ കെട്ടിവച്ചുള്ള സർവീസ് വീണ്ടും തുടങ്ങി. സ്കൂൾ തുറന്നതോടെ രാവിലെയും വൈകിട്ടും ബസുകളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ വലിയ തിരക്കുണ്ട്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.
ബോധവൽക്കരണം, പിഴ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികളെടുത്തിട്ടും പാലക്കാട് നഗരത്തിൽ ഉൾപ്പെടെ പല ബസുകളും സർവീസ് നടത്തുന്നത് ഡോർ കെട്ടിവച്ചാണ്. ക്ലീനർ ഇല്ലാത്ത ബസുകളിൽ ആളുകളെ കയറ്റാനും ഇറക്കാനുമുള്ള സൗകര്യത്തിനായാണിത്. ഇതുകാരണം യാത്രക്കാരുടെ ജീവനാണു ഭീഷണിയാകുന്നത്. പടികളിൽ നിന്നു യാത്ര ചെയ്യുന്നവർ, ബസ് വളവു തിരിയുമ്പോൾ പുറത്തേക്കു തെറിച്ചു വീഴാനുള്ള സാധ്യത ഏറെയാണ്. അപകടകരമായി സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടി വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.
ഇന്നു മുതൽ മിന്നൽ പരിശോധന ഉൾപ്പെടെ ശക്തമാക്കും. ഉദ്യോഗസ്ഥരെ കാണുമ്പോൾ മാത്രം ഡോർ അടയ്ക്കുന്ന ബസുകൾക്കെതിരെയും നടപടി എടുക്കും. 250 രൂപയാണു പിഴ. തെറ്റ് ആവർത്തിക്കുന്ന ബസുകൾക്കു കൂടുതൽ മുന്നറിയിപ്പ് ഉണ്ടാകില്ല. ലൈസൻസ് റദ്ദാക്കും
എം.കെ.ജയേഷ് കുമാർ,എൻഫോഴ്സ്മെന്റ് ആർടിഒ, പാലക്കാട്