എംഇഎസ് കല്ലടി കോളജിൽ റാഗിങ്; നാലു പേർക്ക് എതിരെ കേസെടുത്തു
Mail This Article
മണ്ണാർക്കാട്∙ എംഇഎസ് കല്ലടി കോളജിൽ റാഗിങ്, രണ്ടു വിദ്യാർഥികൾക്കു പരുക്ക്. സംഭവവുമായി ബന്ധപ്പെട്ടു 11 പേരെ സസ്പെൻഡ് ചെയ്തു. നാലു പേർക്കെതിരെ റാഗിങ് നിരോധന നിയമ പ്രകാരം കേസെടുത്തു. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥികളും തെങ്കര മണലടി സ്വദേശികളുമായ മുഹമ്മദ് അനസ്, മുഹമ്മദ് മുസ്തഫ എന്നിവർക്കാണു പരുക്കേറ്റത്.
മുഹമ്മദ് അനസിന്റെ തലയ്ക്കും മുസ്തഫയുടെ താടിയെല്ലിനുമാണു പരുക്ക്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണു സംഭവം. കോളജ് വിട്ട് സുഹൃത്തിനെ ബസ് കയറ്റി വിട്ട ശേഷം കോളജ് ഗേറ്റിൽ നിൽക്കുന്നതിനിടെ 15 പേരടങ്ങുന്ന സീനിയർ വിദ്യാർഥികളുടെ സംഘം ഇടിക്കട്ട, പട്ടിക, കല്ല് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നു പരുക്കേറ്റവർ പറഞ്ഞു.
സീനിയർ വിദ്യാർഥികളായ ടി.പി.ഫവാസ്, അശ്വിൻ മനോഹർ, കെ.എ.അത്തയാസ്, എ.െക.നിർഷാ സഹബാസ് എന്നിവർക്കെതിരെയാണു മുഹമ്മദ് അനസിന്റെയും മുസ്തഫയുടെയും പരാതിയിൽ റാഗിങ് നിരോധന നിയമപ്രകാരം കേസെടുത്തത്. ജൂനിയർ വിദ്യാർഥികളായ എം.ആദർശ്, ബി.ആകാശ്, ശ്യാമപ്രസാദ് എന്നിവരുടെ പരാതിയിൽ സംഘട്ടനത്തിൽ പങ്കാളികളായ വി.ടി.മുഹമ്മദ് ഷിനാദിൻ, മുഹമ്മദ് റിനാഷ്, ഒ.മുഹമ്മദ് ഷിബിൽ, കെ.മുഹമ്മദ് റാഷിദ്, ടി.പി.മുഹമ്മദ് റിസ്‌വാൻ, എസ്.മുഹമ്മദ് ഷഹീർ, കെ.മുഹമ്മദ് ഷിബിൽ എന്നിവരെയും റാഗിങ് കേസിൽ ഉൾപ്പെട്ടവരെയും സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ സി.രാജേഷ് പറഞ്ഞു.
പരുക്കേറ്റവർ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്കു ശേഷമാണു പ്രിൻസിപ്പലിനു പരാതി ലഭിച്ചത്. തുടർന്നു കോളജ് കൗൺസിൽ ചേർന്നാണു നടപടി സ്വീകരിച്ചതും പരാതി പൊലീസിനു കൈമാറിയതും അന്വേഷണ കമ്മിഷനെ നിയോഗിച്ചതുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.