വെള്ളം കിട്ടിയില്ലെങ്കിൽ അണക്കെട്ടിൽ ഇരിക്കുമെന്നു മന്ത്രി; മുന്നറിയിപ്പിന് തമിഴ്നാട് വഴങ്ങി, വെള്ളമെത്തി

HIGHLIGHTS
  • വെള്ളം കിട്ടിയില്ലെങ്കിൽ അണക്കെട്ടിൽ ഇരിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ ചിറ്റൂർപ്പുഴയിലേക്കു കൂടുതൽ വെള്ളമെത്തി
minister-k-krishnankutty-palakkad
പറമ്പിക്കുളത്ത് തൂണക്കടവ് അണക്കെട്ടിൽ പരിശോധനയ്ക്കെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു.
SHARE

പാലക്കാട് ∙ കേരളത്തിന് അർഹമായ വെള്ളം കിട്ടിയില്ലെങ്കിൽ തൂണക്കടവ് അണക്കെട്ടിൽ കുത്തിയിരിക്കുമെന്ന മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ മുന്നറിയിപ്പിനെത്തുടർന്നു കൂടുതൽ വെള്ളം നൽകാൻ തമിഴ്നാട് വഴങ്ങി. മണിക്കൂറുകൾക്കുള്ളിൽ ചിറ്റൂർപ്പുഴയിലേക്കുള്ള ജലവിതരണം നാലിരട്ടിയോളം ഉയർത്തി. 

പറമ്പിക്കുളം–ആളിയാ‍ർ കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട വെള്ളം കിട്ടാത്തതിനാൽ ചിറ്റൂർ മേഖല കടുത്ത വരൾച്ചയിലേക്കു നീങ്ങിയതോടെയാണു മന്ത്രിയുടെ ഇടപെടൽ. വെള്ളം ആവശ്യപ്പെട്ടു തമിഴ്നാടിനു കത്തു നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ചിറ്റൂർ മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ മന്ത്രി മുഖ്യമന്ത്രിയെയും സാഹചര്യം അറിയിച്ചിരുന്നു. പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ടുകളിലെ ഷട്ടർ അറ്റകുറ്റപ്പണി ഉന്നയിച്ചാണു തമിഴ്നാട് ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കുള്ള ഒഴുക്കു നിയന്ത്രിച്ചത്. 

chittoorpuzha-minister-k-krishnankutty-palakkad
ചിറ്റൂ‍ർപ്പുഴയിലേക്ക് ഉടൻ വെള്ളം തുറക്കാമെന്നു തമിഴ്നാടിന്റെ ഉറപ്പു ലഭിച്ചതിനു പിന്നാലെ അക്കാര്യം പരിശോധിക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ആളിയാർ ഡാമിലെത്തിയപ്പോൾ.

ഇന്നലെ രാവിലെ പറമ്പിക്കുളം തൂണക്കടവ് അണക്കെട്ടിലെത്തിയ മന്ത്രി തമിഴ്നാട് ചീഫ് എ‍ൻജിനീയറെ വിളിച്ചു വെള്ളം കിട്ടാതെ നാട്ടിലേക്കു പോകാനാകില്ലെന്നും നാട്ടുകാർക്കു കുടിക്കാൻ പോലും വെള്ളമില്ലെന്നും അറിയിച്ചു.വെള്ളം കിട്ടിയില്ലെങ്കിൽ ഡാമിൽ കുത്തിയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ തമിഴ്നാട് അധികൃതർ ഭരണതലത്തിൽ ചർച്ച നടത്തി ഉടൻ വെള്ളം നൽകാമെന്നു മന്ത്രിയെ അറിയിച്ചു. അദ്ദേഹം തൂണക്കടവിൽ നിന്ന് ആളിയാർ അണക്കെട്ടിലെത്തി ചിറ്റൂരിലേക്കു വെള്ളം ഒഴുക്കിയെന്ന് ഉറപ്പാക്കിയ ശേഷമാണു മടങ്ങിയത്. 

സെക്കൻഡിൽ 400 ഘനയടി തോതിൽ ചിറ്റൂർ പുഴയിലേക്കു വെള്ളം എത്തിക്കാമെന്നാണു തമിഴ്നാടിന്റെ ഉറപ്പ്. ആളിയാർ ഡാമിൽ നിന്ന് ആളിയാർ പുഴ വഴി മണക്കടവ് വിയറിലെത്തുന്ന വെള്ളം അവിടെ നിന്നാണു ചിറ്റൂർപ്പുഴയുടെ തുടക്കമായ മൂലത്തറ റഗുലേറ്ററിലേക്ക് അളന്നു നൽകുന്നത്.

English Summary: The minister said that if he does not get water, he will sit in the dam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA