ADVERTISEMENT

പാലക്കാട് ∙ ആസൂത്രിതമായ വിഭാഗീയതയിലൂടെ 5 ഏരിയ കമ്മിറ്റികളിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരെന്നു പാർട്ടി കമ്മിഷൻ കണ്ടെത്തിയ 18 നേതാക്കളെ സിപിഎം സ്ഥാനത്തു നിന്നു പുറത്താക്കും. ഇവരെ ലോക്കൽ കമ്മിറ്റിയിലേക്കു തരംതാഴ്ത്തും.   എലപ്പുള്ളി ലേ‍ാക്കൽ സമ്മേളനത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടു 4 പേരെ സസ്പെൻഡ് ചെയ്തു.

വാളയാർ ലോക്കൽ സമ്മേളനത്തിലെ അക്രമവുമായി ബന്ധപ്പെട്ടു 2 പ്രാദേശിക നേതാക്കളെ തരം താഴ്ത്തി. പാർട്ടി ഭരണഘടനയനുസരിച്ചു യേ‍ാഗ്യരല്ലാത്തവർ കടുത്ത വിഭാഗീയതയുണ്ടാക്കി പാനലിനു പുറത്തു നിന്ന് ഏരിയ കമ്മിറ്റികളിൽ കയറിക്കൂടിയെന്നാണു കമ്മിഷൻ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, പി.കെ.ജയചന്ദ്രൻ എന്നിവരുടെ റിപ്പോർട്ട്. യോഗ്യതയുണ്ടായിട്ടും ചേരിതിരിവു മൂലം പുറത്തു പോയവരെ ഇവർക്കു പകരം കമ്മിറ്റികളിൽ ഉൾപ്പെടുത്തും.

തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറി എം.വി.ഗേ‍ാവിന്ദന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യേ‍ാഗത്തിൽ റിപ്പേ‍ാർട്ട് ചെയ്തു. ഇതനുസരിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമേ‍ാൾ, സിഐടിയു നേതാവ് എസ്.ബി.രാജു എന്നിവർ കമ്മിറ്റികളിലെത്തും. വാളയാർ ലേ‍ാക്കലിലെ പ്രതിഷേധത്തിനു നേതൃത്വം നൽകിയ മുൻ ഏരിയ കമ്മിറ്റി അംഗം വി.സി. ഉദയകുമാർ, മഹിളാ അസേ‍‍ാസിയേഷൻ ഏരിയ സെക്രട്ടറി ശിവകാമി എന്നിവരെ ലേ‍ാക്കലിലേക്കു തരംതാഴ്ത്തി.ചെർപ്പുളശേരി ഏരിയ കമ്മിറ്റിയിൽ ഒൻപതും കൊല്ലങ്കോട്ടു നാലും തൃത്താലയിൽ മൂന്നും പുതുശേരിയിൽ രണ്ടും അംഗങ്ങളെയാണു മാറ്റുക. ഔദ്യേ‍ാഗിക പാനലിൽ ഉള്ളവരെ വെട്ടിനിരത്തി മറുപക്ഷം കമ്മിറ്റിയിലെത്തി എന്നാണു റിപ്പേ‍ാർട്ട്. വടക്കഞ്ചേരിയിൽ വിഭാഗീയതയുണ്ടായെങ്കിലും പാനലിലെ ആരും പരാജയപ്പെട്ടില്ല. എന്നാൽ, ഏരിയ സമ്മേളനത്തിനു തെ‍ാട്ടുമുൻപ് അവിടെ മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് യേ‍ാഗം നടത്തി.

പി.കെ. ശശിക്കെതിരെ പരാതി, ഒരു മാസത്തിനകം റിപ്പോർട്ട്

പാലക്കാട് ∙ പി.കെ.ശശി ചെയർമാനായ മണ്ണാർക്കാട് യൂണിവേഴ്സൽ സഹകരണ കേ‍ാളജിന്റെ പേരിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട ആരോപണത്തിൽ അന്വേഷണ കമ്മിഷൻ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നു നേതൃത്വം നിർദേശിച്ചു. സിപിഎമ്മിന്റെയോ സഹകരണ വകുപ്പിന്റെയോ അനുമതിയില്ലാതെ ഒരു കേ‍ാടിയിലധികം രൂപയുടെ ഫണ്ട് ശേഖരിച്ചു, പണം സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയ ആരേ‍ാപണങ്ങളാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മമ്മിക്കുട്ടി, കെ.ചെന്താമരാക്ഷൻ എന്നിവർ അന്വേഷിക്കുന്നത്. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് 25 ലക്ഷം, 50 ലക്ഷം രൂപ വീതം ഷെയർ എന്ന പേരിൽ പിരിച്ചതായി സംസ്ഥാന നേതൃത്വത്തിനു ലഭിച്ച 29 പേജുള്ള പരാതിയിൽ ആരേ‍ാപിക്കുന്നു. ജില്ലാ നേതൃത്വത്തിലെ ചിലർ വ്യക്തിപരമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണു പരാതി ഉന്നയിക്കുന്നതെന്നാണു പി.കെ.ശശി വിഭാഗത്തിന്റെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com