ADVERTISEMENT

പാലക്കാട് ∙ നെല്ലു സംഭരണവും വില വിതരണവും വൈകിയതിൽ സർക്കാർ വിമർശനം നേരിടുമ്പോൾ സിപിഎം സംഘടനയായ കർഷകസംഘം സപ്ലൈകോയ്ക്കും ബാങ്കുകൾക്കുമെതിരെ സമരം നടത്തി. നെല്ലു കൈപ്പറ്റിയതായി സപ്ലൈകോ നൽകുന്ന പാഡി രസീത് ഷീറ്റ് (പിആർഎസ്) കത്തിച്ചുകൊണ്ടാണ് ഇന്നലെ സപ്ലൈകോ ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധിച്ചത്. പണം വൈകുന്നതിനു കാരണം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ്. വില വിതരണം സംബന്ധിച്ച തീരുമാനം വൈകുകയും ഏകോപനം പാളുകയും ചെയ്തു. അതിനിടെയാണു പിആർഎസ് കത്തിച്ചു പ്രതിഷേധം. നെല്ലുസംഭരണത്തിലെ വീഴ്ചയുടെ കാരണം സപ്ലൈകോ ഉദ്യോഗസ്ഥരാണെന്നും കർഷകസംഘം ആരോപിച്ചു. കർഷകസംഘം ഇടപെടുന്നില്ലെന്ന പരാതിക്കൊടുവിലാണ് ഇന്നലെ സംഘടന സമരം നടത്തിയത്. 

‘റജിസ്റ്റർ ചെയ്ത അക്കൗണ്ടിൽ പണം നൽകണം’

പാലക്കാട് ∙ സംഭരിച്ച  നെല്ലിന്റെ വില ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കർഷകസംഘം സപ്ലൈകോ ഓഫിസിനു മുന്നിൽ നടത്തിയ സമരം സംസ്ഥാന സെക്രട്ടറി  സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.സഹദേവൻ അധ്യക്ഷനായിരുന്നു. ആർ.സ്വാമിനാഥൻ, സി.ആർ.സജീവൻ, വി.സേതുമാധവൻ എന്നിവർ പ്രസംഗിച്ചു. കർഷകർ റജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിൽ പണം നൽകണമെന്നാവശ്യപ്പെട്ടു. ജില്ലാ ഓഫിസിനു മുന്നിൽ നടത്തിയ സമരം ഭാവിയിൽ സപ്ലൈകോ കേന്ദ്ര ഓഫിസിലേക്കു മാറ്റുമെന്നും നേതാക്കൾ പറഞ്ഞു. 

വഞ്ചനയെന്ന് കർഷക കോൺഗ്രസ്

പാലക്കാട് ∙ സർക്കാരിൽ സമ്മർദംചെലുത്തി കർഷകർക്കു നെല്ലിന്റെ വില കിട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ട ഇടതുപക്ഷ ജനപ്രതിനിധികളും കർഷക സംഘടനകളും ‌‌ഉദ്യോഗസ്ഥർക്കെതിരെ പ്രസംഗിച്ച് പിആർഎസ് കത്തിക്കുന്നത് കർഷകരോട് കാണിക്കുന്ന വഞ്ചനയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.ഇഖ്ബാൽ പറഞ്ഞു.

നെല്ലു സംഭരണം: ഓരോ തലത്തിലുമുള്ള വീഴ്ച ഇങ്ങനെ

∙ സംസ്ഥാന സർക്കാർ: ധന, കൃഷി, പൊതുവിതരണ വകുപ്പും സപ്ലൈകോയും ചേർന്നാണു സംഭരണം നടത്തുന്നത്. ഇവരെ ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പണം ലഭ്യമാകാൻ വൈകിയ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ധനവകുപ്പിനെ പങ്കെടുപ്പിക്കാൻ പോലും  മറന്നു. ഒടുവിൽ ചീഫ് സെക്രട്ടറിയോട് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

∙ സിവിൽ സപ്ലൈസ് വകുപ്പ്: ഓരോ വർഷവും മുടങ്ങാതെ നടത്തേണ്ട നെല്ലു സംഭരണത്തിനു മുന്നൊരുക്കങ്ങൾ നടത്തിയില്ല. ബാങ്കുകളുമായി കരാറിലേർപ്പെടുന്ന നടപടികൾ വളരെ വൈകി. സംഭരണവുമായി ബന്ധപ്പെട്ട അഴിമതികൾ ഇപ്പോഴും തുടരുന്നു. 

∙ സപ്ലൈകോ: കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് കൃത്യമായി പണം ലഭിക്കാത്തതാണു പ്രശ്നമെന്നു സപ്ലൈകോ പറയുമ്പോഴും വിഷയത്തിൽ നിന്നു സ്ഥാപനത്തിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. നേരത്തെ കേരള ബാങ്ക് പിആർഎസ് ഈടിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകാമെന്നു പറഞ്ഞപ്പോൾ അതിലും കുറഞ്ഞ നിരക്കിൽ സാധാരണ വായ്പയായി മറ്റു ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു പണം ലഭിക്കുമെന്നു പറഞ്ഞു. പക്ഷേ, ഒടുവിൽ കേരള ബാങ്കിനേക്കാൾ കൂടിയ നിരക്കിൽ മറ്റു ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുക്കേണ്ടി വന്നു. അതും പിആർഎസ് അടിസ്ഥാനത്തിൽ. 

∙ ധനവകുപ്പ്: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട വായ്പയെടുക്കാനുള്ള അനുമതി വൈകിയത് വകുപ്പിന്റെ വീഴ്ചയാണ്. സപ്ലൈകോയ്ക്ക് നൽകാനുള്ള പണം കുടിശികയാക്കി

∙ കൃഷി വകുപ്പ്: പദ്ധതിയിൽ പലയിടത്തും അഴിമതിയുണ്ടെന്ന പരാതി വന്നതോടെ സംഭരണത്തിന്റെ അളവിൽ പരിധിവച്ചു. എന്നാൽ അധിക നെല്ല് സംബന്ധിച്ച് സാക്ഷ്യപത്രം നൽകുന്ന നടപടികളിൽ വീഴ്ച വന്നു.

നെല്ലിന്റെ വില: ബാങ്കുകളുടെ വിളിക്കു കാതോർത്ത് അരലക്ഷത്തിലധികം കർഷകർ 

പാലക്കാട് ∙ രണ്ടാംവിളയിൽ സപ്ലൈകോ അളന്നെടുത്ത നെല്ലിന്റെ വില ലഭിക്കാൻ ബാങ്കുകളുടെ വിളിക്കു കാതോർത്ത് അരലക്ഷത്തിലേറെ കർഷകർ. ‌അക്കൗണ്ട് ഇല്ലാത്ത ബാങ്കാണെങ്കിൽ രേഖകൾ ഹാജരാക്കി പുതിയ അക്കൗണ്ട് തുറന്നു വേണം കൃഷിക്കാർക്കു തുക ലഭിക്കാൻ. എസ്ബിഐ, കാനറ, ഫെഡറൽ ബാങ്കുകളിലൊഴികെ അക്കൗണ്ട് ഉള്ള ആയിരക്കണക്കിനു കർഷകരാണ് ഇത്തരത്തിൽ  നെട്ടോട്ടമോടുന്നത്. ഈ 3 ബാങ്കുകളുമായാണ് സപ്ലൈകോ തുക വിതരണത്തിനു ധാരണയിലെത്തിയിരിക്കുന്നത്.

ജില്ലയിൽ ഭൂരിഭാഗം കർഷകർക്കും കേരള ബാങ്ക് ശാഖകളിലാണ് അക്കൗണ്ട്. മേയ് 15 വരെ പിആർഎസ് പാസാക്കി പേ ഓർഡർ ആയ കർഷകർക്കാണ് ഇപ്പോൾ തുക നൽകുന്നത്. ഇവരുടെ പട്ടിക സപ്ലൈകോ ഹെഡ് ഓഫിസിൽ നിന്ന് ബാങ്കുകളിലേക്കു വിഭജിച്ചു നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 20,000 കർഷകരുടെ പട്ടികയാണു നൽകിയിരിക്കുന്നത്. ഇതിൽ ഇതര ബാങ്കുകളിൽ അക്കൗണ്ട് ഉള്ള കർഷകരും ഉണ്ട്. അതേസമയം ഒട്ടേറെ കർഷകർക്കു ദൂരെയുള്ള ബാങ്ക് ശാഖകളിൽ നിന്നാണു വിളിയെത്തുന്നത്. കർഷകർ അവിടെ എത്തി വേണം അക്കൗണ്ട് തുടങ്ങാൻ. ഇതും ഏറെ ദുരിതമുണ്ടാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com