പുതൂർ∙ മദ്യപിച്ച് വാഹനം ഓടിച്ചത് ചോദ്യം ചെയ്തയാളുടെ വീടിന് തീയിട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് ചെന്നൈയിൽ അറസ്റ്റ് ചെയ്തു. താഴെ മൂള്ളി കുപ്പൻ കോളനി ഊരിലെ രവികുമാർ മൂപ്പന്റെ വീട് തീവച്ച കേസിലാണ് താഴെ മുള്ളി സ്വദേശി രാജേഷ് അറസ്റ്റിലായത്. കഴിഞ്ഞ 18 നായിരുന്നു വീട് കത്തിക്കാനുള്ള ശ്രമമുണ്ടായത്. നേരത്തെ രവികുമാറിനോട് വൈരാഗ്യമുള്ള രാജേഷ് 18 ന് ഉത്സവം നടക്കുന്നതിനിടയിൽതുണി കത്തിച്ച് വീട്ടിലേക്കിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു പ്രതി. അഗളി ഡിവൈഎസ്പി എൻ.മുരളീധരന്റെ നിർദേശപ്രകാരം സീനിയർ സിപിഒ അനിൽകുമാർ, സിപിഒ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള പുതൂർ സ്റ്റേഷനിലെ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.