ADVERTISEMENT

പാലക്കാട് ∙ ജില്ലയുടെ ക്രമസമാധാന നില വീണ്ടെടുത്തു ഭദ്രമാക്കാൻ  മുഖ്യപങ്കുവഹിച്ച ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പുതിയ ചുമതലയിലേക്ക്. സംസ്ഥാനം മുൾമുനയിലായ, രാജ്യത്തു തന്നെ ചർച്ചാവിഷയമായ കൊലപാതക കേസുകളിൽ ഉൾപ്പെടെ ജില്ലാ പൊലീസിനെ മുന്നിൽ നിന്നു നയിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം നാട്ടിൽ സമാധാനം നിലനിർത്തുന്നതിൽ ഏറെ നിർണായകമായി.

സംസ്ഥാന പൊലീസ് സേന തന്നെ മുൾമുനയിലായ സന്ദർഭം കൂടിയായിരുന്നു അത്. പക്വതയോടെ അത്തരം പ്രതിസന്ധികളെല്ലാം തരണം ചെയ്യാനും ജില്ലയിലും സംസ്ഥാനത്തും ക്രമസമാധാനം നിലനിർത്താനും പൊലീസിനു കഴിഞ്ഞു. രാജ്യത്തു തന്നെ ചർച്ചാവിഷയമായ അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റം അടക്കമുള്ള കനത്ത വെല്ലുവിളികൾ നേരിട്ടിട്ടും അതെല്ലാം മറികടന്നു പ്രതികൾക്കു ശിക്ഷ ലഭിക്കുന്നതിൽ ജില്ലാ പൊലീസ് മേധാവിയുടെ സമയോചിത ഇടപെടൽ അതിനിർണായകമായി.

രാജ്യം ഏറെ ശ്രദ്ധിച്ച കേസുകൂടിയാണിത്. സഞ്ജിത്ത്, സുബൈർ, ശ്രീനിവാസൻ കൊലപാതകക്കേസുകളിൽ പഴുതടച്ച അന്വേഷണത്തിലൂടെ പരമാവധി വേഗത്തിൽ പ്രതികളെ പിടികൂടാൻ പൊലീസിനു സാധിച്ചു. ശ്രീനിവാസൻ കേസിലെ അന്വേഷണം പിന്നീടു ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. കേസിൽ ഭൂരിഭാഗം പ്രതികളെയും അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു കഴിഞ്ഞതു സംസ്ഥാന പൊലീസിനും ഏറെ ആശ്വാസമായി. മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥർ സമീപത്തെ പാടത്ത് ഷോക്കേറ്റു മരിച്ച സംഭവം ഉൾപ്പെടെ കൃത്യമായി അന്വേഷിക്കാനും പ്രതികളെ പിടികൂടാനും പൊലീസ് സേനയ്ക്കായി.

ഗുരുതര കുറ്റകൃത്യങ്ങൾ നടക്കുമ്പോഴെല്ലാം അദ്ദേഹം നേരിട്ടു സ്ഥലത്തെത്തി അന്വേഷണത്തിനു മേൽനോട്ടം നൽകി. മരുതറോഡ് സഹകരണ ബാങ്ക് കവർച്ചയിലെ പ്രതിയെ പിടികൂടിയതും പൊലീസിന്റെ അന്വേഷണ മികവിനു തെളിവാണ്. ഏറ്റവും ഒടുവിൽ ആന്ധ്ര സ്വദേശികളായ സംസ്ഥാനാന്തര മോഷണ സംഘത്തെ വലയിലാക്കുന്നതിലടക്കം അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നു. പൊലീസിനു നിയമപരമായ എല്ലാ പ്രവർത്തന സ്വാതന്ത്ര്യവും അനുവദിച്ച സേനയുടെ ജനകീയ മുഖം കൂടിയായിരുന്നു അദ്ദേഹം. പൊലീസ് ഉദ്യോഗസ്ഥരുമായി അത്രയേറെ സഹകരിച്ചായിരുന്നു പ്രവർത്തനം. പ്രഫഷനൽ രീതിയിലുള്ള കുറ്റാന്വേഷണ നടപടികൾക്കും അദ്ദേഹം നേതൃത്വം നൽകി.

ആലുവ സ്വദേശിയായ അദ്ദേഹം 2021 ഫെബ്രുവരിയിലാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ ജില്ലയിലെത്തിയപ്പോൾ കുറ്റമറ്റ സുരക്ഷാ സംവിധാനവും ഒരുക്കി.

ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന ആർ.വിശ്വനാഥ് 2016ൽ 181ാം റാങ്കോടെയാണ് സിവിൽ സർവീസിലെത്തുന്നത്. പൊലീസ് ആസ്ഥാനത്ത് എഐജി ആയാണു പുതിയ നിയമനം. നിലവിൽ വയനാട് ജില്ലാ പൊലീസ് മേധാവിയായ ആർ.ആനന്ദ് പുതിയ ജില്ലാ പൊലീസ് മേധാവിയായി ഇന്നു ചുമതലയേൽക്കും. 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം തമിഴ്നാട് ‍ഡിണ്ടിഗൽ സ്വദേശിയാണ്. നേരത്തെ മുട്ടിക്കുളങ്ങര കെഎപി രണ്ട് ബറ്റാലിയൻ കമൻഡാന്റായി ജില്ലയിൽ സേവനം അനുഷ്ഠിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com