ADVERTISEMENT

നെല്ലിയാമ്പതി ∙ വനമേഖലയിലെ നിരീക്ഷണം കാര്യക്ഷമമാക്കാൻ കേശവൻപാറയോടു ചേർന്നു ചക്ലിയൻപാറയിൽ സ്ഥാപിച്ച വാച്ച് ടവർ നവീകരിക്കാൻ നടപടി തുടങ്ങി. കേശവൻപാറയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് നവീകരണം. നെല്ലിയാമ്പതിയിൽ ഇക്കോ ടൂറിസം പദ്ധതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു ടവർ നവീകരിക്കുന്നതെന്നു ഫോറസ്റ്റ് റേഞ്ച് ഓഫിസർ അജയ്ഘോഷ് പറഞ്ഞു. വാച്ച് ടവർ നോക്കുകുത്തിയായി കിടക്കുന്ന വാർത്ത കഴിഞ്ഞ ദിവസം മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.

വനമേഖലയിൽ വന്യമൃഗ വേട്ടയും അനധികൃത മരംമുറിയും മാവോയിസ്റ്റ് പോലുള്ള തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും നിരീക്ഷിക്കാൻ 7 വർഷം മുൻപ് സ്ഥാപിച്ച ഇരുമ്പ് ടവർ തുരുമ്പെടുത്തു നശിച്ചു പോയിരുന്നു. വനപാലകർക്കു താമസിക്കാൻ പറ്റിയ വിധത്തിൽ സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിലാണു 200 ചതുരശ്ര അടി വിസ്തീർണമുള്ള ടവർ സ്ഥാപിച്ചിരുന്നത്. വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് കാട്ടാനകളുടെ ശല്യം ഒഴിവാക്കാൻ ടവറിനു മുകളിലെത്താൻ ഇരുമ്പു കോണിയാണ് ഉപയോഗിച്ചുവന്നത്. 

ടവറിൽ നിന്നാൽ നെല്ലിയാമ്പതിയുടെ മിക്ക പ്രദേശവും ജില്ലയുടെ ഒരു ഭാഗവും പറമ്പിക്കുളത്തോടു ചേർന്ന ഭാഗവും കാണാനാകും. കേശവൻപാറ കാണാനെത്തുന്ന നെല്ലിയാമ്പതി സഞ്ചാരികളിൽ നിന്നു പ്രവേശന ഫീസ് ഈടാക്കുന്ന വനംവകുപ്പ് വിനോദസഞ്ചാരികൾക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്നും ടവറിലേക്കു പ്രവേശനം അനുവദിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. മതിയായ ഫണ്ടില്ലെന്നു പറഞ്ഞു നോക്കുകുത്തിയായി കിടന്ന ടവർ പ്രവർത്തനക്ഷമമാകുന്നതോടെ വ്യൂപോയിന്റ് കൂടുതൽ ആകർഷണീയമാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com