ADVERTISEMENT

പാലക്കാട് ∙ സംസ്ഥാനത്തു നെല്ലിന്റെ സംഭരണ വിലവിതരണം 5 മാസത്തോളം വൈകിപ്പിച്ചു പ്രതിസന്ധി ഗുരുതരമാക്കിയതു ധനവകുപ്പാണെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനുള്ളിൽ വിമർശനം. ഇതു പരസ്യമായി പറയുന്നില്ലെങ്കിലും സപ്ലൈകോ ഉൾപ്പെടെ ധനവകുപ്പിനെതി രെ കടുത്ത അതൃപ്തിയിലാണ്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ.അനിൽ ഇക്കാര്യം വിശദ റിപ്പോർട്ട് സഹിതം സർക്കാരിനെയും ധരിപ്പിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഇത്തവണ നെല്ലെടുപ്പിന്റെ ഒരു ഘട്ടത്തിലും ധനവകുപ്പ് യഥാസമയം തുക അനുവദിക്കുകയോ വായ്പയ്ക്ക് അനുമതി നൽകുകയോ ചെയ്തിട്ടില്ല. നെല്ലിന്റെ വില നൽകാൻ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 700 കോടി രൂപ വായ്പ എടുക്കാനുള്ള സപ്ലൈകോയുടെ അപേക്ഷയിൽ ധനവകുപ്പ് ഒരു മാസത്തോളം അനുമതി വൈകിപ്പിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടു ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയാണ് അനുമതി ലഭ്യമാക്കിയത്.

മേയ് 3നു വിളിച്ച യോഗത്തിലായിരുന്നു തീരുമാനം. ഈ യോഗത്തിലേക്കു ധനകാര്യവകുപ്പിന്റെ പ്രതിനിധിയെ സപ്ലൈകോ ക്ഷണിച്ചിരുന്നില്ല. ഇതിന് ഒരു മാസം മുൻപു തന്നെ സപ്ലൈകോ 700 കോടി രൂപ വായ്പ എടുക്കാൻ ധനകാര്യ വകുപ്പിനോട് അനുമതി തേടിയിരുന്നു. സംസ്ഥാന സർക്കാർ വിവിധ ഇനങ്ങളിലായി സപ്ലൈകോയ്ക്കു നൽകാനുള്ള കോടിക്കണക്കിനു രൂപയുടെ കുടിശിക പരമാവധി വേഗത്തിൽ നൽകുന്നതിന്റെ സാധ്യത പരിശോധിക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിലും നടപടി ഉണ്ടായിട്ടില്ല. നെല്ലെടുത്ത വകയിൽ മാത്രം 3,400 കോടിയോളം രൂപ സപ്ലൈകോയ്ക്കു ലഭിക്കാനുണ്ട്. ഇതിൽ നല്ലൊരു ശതമാനം തുക സംസ്ഥാന സർക്കാരിന്റെ കുടിശികയാണ്. 

ധനകാര്യവകുപ്പിന്റെ നയങ്ങൾക്കെതിരെ സിപിഐ ഭരിക്കുന്ന ഭക്ഷ്യ സിവി‍ൽ സപ്ലൈസ് വകുപ്പു നേരിട്ടു രംഗത്തെത്തിയിട്ടില്ലെങ്കിലും പറയാനുള്ളതെല്ലാം പാർട്ടി അനുകൂല കർഷക സംഘടനയായ കിസാൻസഭ മുഖേന പറയുന്നുണ്ട്. അതിനു പകരമായി സിപിഎം അനുകൂല കർഷക സംഘടനയായ കേരള കർഷകസംഘം സിപിഐ മന്ത്രിമാർക്കെതിരെ അതിരൂക്ഷ പരാമർശവുമായി സപ്ലൈകോ ഓഫിസ് മാർച്ച് നടത്തിയിരുന്നു. ആരോപണ, പ്രത്യാരോപണങ്ങൾ കനക്കുമ്പോഴും മേയ് 17നു ശേഷമുള്ള നെല്ലിന്റെ വില കൃഷിക്കാർക്കു ലഭിച്ചു തുടങ്ങിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com