ADVERTISEMENT

വാളയാർ ∙ കഞ്ചിക്കോട് ജനവാസ മേഖലയോടു ചേർന്നു മലയടിവാരത്തിനു താഴെ ഒന്നര വയസ്സുള്ള ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാസങ്ങളോളം കഞ്ചിക്കോട് വനയോര മേഖലയിൽ കൂട്ടം തെറ്റി കറങ്ങിയിരുന്ന കുട്ടിയാനയാകാം ചരിഞ്ഞതെന്നു നാട്ടുകാർ സംശയിക്കുന്നുണ്ടെങ്കിലും ഇതു സ്ഥിരീകരിക്കാനാകില്ലെന്നു വനം വകുപ്പ് അറിയിച്ചു. വനംവകുപ്പിന്റെ പുതുശ്ശേരി സൗത്ത് സെക്‌ഷനിലെ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ അയ്യപ്പൻമലയ്ക്കു താഴെയുള്ള വേലഞ്ചേരി ഏരിക്കു സമീപം ഇന്നലെ ഉച്ചയോടെയാണു കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ദേഹത്തു മുറിവുകളൊന്നും കണ്ടെത്താനായില്ല. പിടിയാനക്കുട്ടിയാണെന്നാണു വിവരം. പ്രദേശത്തു കൂട്ടം തെറ്റി കറങ്ങിയ കുട്ടിയാനയുമായി ഇതിനു സാമ്യമുണ്ടെന്നു വനംവകുപ്പ് പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ എന്നു വനംവകുപ്പ് വാളയാർ റേഞ്ച് ഓഫിസർ എ.ആഷിക്ക് അലി പറഞ്ഞു. ആനക്കുട്ടിക്കു സമീപം കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതിനാൽ ഏറെ പ്രയാസപ്പെട്ടാണു വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. രാത്രി വൈകിയാണു പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. വനംവകുപ്പിന്റെ ചീഫ് വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പോസ്റ്റ്മോർട്ടം. വാളയാർ റേഞ്ച് ഓഫിസർ ആഷിക്ക് അലി, പുതുശ്ശേരി സൗത്ത് സെക്‌ഷൻ ഫോറസ്റ്റർ എൻ.മരുതൻ, ഫ്ലയിങ് സ്ക്വാഡ് സെക്‌ഷൻ ഫോറസ്റ്റർ കെ.സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. രാത്രി വൈകി വേലഞ്ചേരിയിൽ ആനയെ സംസ്കരിച്ചു.

10 വർഷം, ചരിഞ്ഞത് 13 കാട്ടാന

കഴിഞ്ഞ 10 വർഷത്തിനിടെ ട്രെയിനിടിച്ചും ഷോക്കേറ്റും മറ്റ് അപകടങ്ങളിൽപെട്ടും 13 ആനകളാണ് കഞ്ചിക്കോട്–വാളയാർ വനയോരമേഖലയിൽ ചരിഞ്ഞത്. ഇന്നലത്തേത് ഉൾപ്പെടെ ഇതിൽ 3 ആനക്കുട്ടികളും ഉൾപ്പെടുന്നുണ്ട്. ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ ആനകൾക്കു സഞ്ചാര പാതയും അടിപ്പാതയും ഈ മേഖലയിൽ ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com