ADVERTISEMENT

∙ പാലക്കാട് ധോണിയിൽ നാശമുണ്ടാക്കിയ പി.ടി.7 ആനയെ പിടികൂടാനുള്ള ന്യായീകരണം ഉത്തരവിൽ വ്യക്തമാക്കാതിരുന്നതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് വീഴ്ചയുണ്ടായെന്നു വിദഗ്ധ സമിതി ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ താക്കീത് നൽകണമെന്നും വ്യക്തമാക്കി. ജനുവരി 22ന് ആനയെ പിടികൂടിയ ശേഷം കൂട്ടിലിടണോ വനത്തിൽ വിടണമോ എന്ന കാര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ 4 മാസത്തിനു ശേഷമാണു തീരുമാനമെടുത്തത്.

ഉൾവനത്തിൽ വിടുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ സമിതി രൂപീകരിക്കാൻ ജൂൺ 26ന് ഉത്തരവിട്ടിരുന്നു. എന്നാൽ പിടികൂടി കൂട്ടിലിട്ട് 5 മാസത്തിന് ശേഷമാണിത്. ആനയെ കുങ്കിയാനയാക്കി മാറ്റരുതെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ആനയ്ക്കു വന്യത നഷ്ടമായെന്നും മെരുങ്ങിയെന്നും രണ്ട് പാപ്പാൻമാർക്കും കൂട്ടിൽ കയറാമെന്നും റിപ്പോർട്ട് വിശദീകരിച്ചു. വിദഗ്ധ സമിതി അംഗങ്ങൾ തൊട്ടുനോക്കിയപ്പോൾ ആന പ്രതികരിച്ചില്ല. നാട്ടിലെ സാഹചര്യവുമായി ഇണങ്ങിയതിനാലാണിത്.

കാഴ്ച നഷ്ടപ്പെട്ട കണ്ണിന് ചികിത്സ നൽകണം. ഇതിനായി വിദഗ്ധർ പരിശോധന നടത്തണം. മഴയിൽ നിന്നു സംരക്ഷണം നൽകാൻ ഷെൽറ്റർ വേണം. പിടികൂടി കൂട്ടിലാക്കിയ ആനയെ വനത്തിലേക്ക് വിടാനാകുമോ എന്നു നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. തുടർന്നാണു 5ന് പരിശോധന നടത്തി വിദഗ്ധ സമിതി കൺവീനർ അഡ്വ. രമേഷ് ബാബു മുഖേന റിപ്പോർട്ട് നൽകിയത്.

ആനക്കുട്ടി ചരിഞ്ഞ സംഭവം: കാരണം ഹൈപ്പോ തെർമിയ 

രോഗങ്ങളും ശരീര ഊഷ്മാവ് അപകടകരമായി കുറഞ്ഞതും മരണകാരണമായെന്നു നിഗമനം, സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു

വാളയാർ ∙ കഞ്ചിക്കോട് വലിയേരിയിൽ ചരിഞ്ഞ ആനക്കുട്ടിക്ക് മുൻപുണ്ടായിരുന്ന രോഗങ്ങളും ശരീരത്തിന്റെ ഊഷ്മാവ് അപകടകരമായ രീതിയിൽ കുറയുന്ന ‘ഹൈപ്പോ തെർമിയയും’ മരണകാരണമായതായി പ്രാഥമിക നിഗമനം. മഴയും മറ്റു പ്രതികൂല കാലാവസ്ഥയും മൂലമാണ് ആനയുടെ ശരീരോഷ്മാവ് കുറഞ്ഞത്. കൂടുതൽ പരിശോധനയ്ക്കായി ആനക്കുട്ടിയുടെ ആന്തരാവയവങ്ങളും സാംപിളുകളും മണ്ണുത്തി വെറ്ററിനറി സർവകലാശാല ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

കാട്ടാനക്കുട്ടിയുടെ ആന്തരികാവയങ്ങൾക്കു നേരത്തെ തന്നെ അണുബാധ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നു. ഇതിനു പുറമേ മറ്റു രോഗങ്ങളും ഉണ്ടായി. കനത്ത മഴയിൽ ശരീരത്തിന്റെ ചൂട് കൂടി കുറഞ്ഞതോടെ ചരിഞ്ഞതാകാം. 26ന് ഉച്ചയോടെ അയ്യപ്പൻമലയ്ക്കു താഴെ ജനവാസമേഖലയോടു ചേർന്നു വേലഞ്ചേരി വലിയേരി ഭാഗത്താണ് ഒന്നര വയസ്സുള്ള പിടിയാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

മാസങ്ങളോളം കൂട്ടം തെറ്റി ജനവാസമേഖലയിൽ കറങ്ങിയിരുന്ന കുട്ടിയാനയ്ക്കൊപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടവും ചരിഞ്ഞ ആനക്കുട്ടിയെ കണ്ടെത്തിയ ഭാഗത്തു നിലയുറപ്പിച്ചിരുന്നു. ഇതിനാൽ ചരിഞ്ഞതു കൂട്ടംതെറ്റി കറങ്ങിയ കുട്ടിയാന തന്നെയാകാമെന്നാണു നാട്ടുകാർ പറയുന്നത്. ഒരുപക്ഷേ, ആനക്കുട്ടി കൂട്ടംതെറ്റി സംരക്ഷണം കിട്ടാതെ അലഞ്ഞ്  രോഗം കൂടിയതാകാമെന്നാണു സംശയം.

മഴയും പ്രതികൂല കാലാവസ്ഥയും പ്രയാസത്തിലാക്കിയതോടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ രാവിലെയോടെയാണു പൂർത്തിയാക്കിയത്. എട്ടരയോടെ വലിയേരിയിൽ തന്നെ കുട്ടിയാനയെ സംസ്കരിച്ചു. വനംവകുപ്പിന്റെ ചീഫ് വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പോസ്റ്റ്മോർട്ടം നടപടികൾ ഏകോപിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com