ADVERTISEMENT

ചെർപ്പുളശ്ശേരി ∙ നെല്ലായ, വല്ലപ്പുഴ, ചളവറ എന്നീ മൂന്നു പഞ്ചായത്തുകളുടെ പരിധിയിലുള്ള പൊട്ടച്ചിറ പൊന്മുഖം മലയിലെ ക്വാറിക്ക് അനുവദിച്ച ലൈസൻസ് പുന:പരിശോധിക്കുന്നതിനായി തിരുവനന്തപുരത്തെ സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസെസ്മെന്റ് അതോറിറ്റി (എസ്ഇഐഎഎ) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 

മലയിൽ ക്വാറിയുടെ പ്രവർത്തനം പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നുണ്ടെന്നും മലയുടെ താഴ്‌വാരത്തും ചരിവിലുമായി താമസിക്കുന്ന 200ലേറെ കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസിയായ പുത്തൻപീടികക്കൽ ഹംസ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

എസ്ഇഐഎഎ സീനിയർ  ഓഫിസർ ഡോ.കെ.വി.വാസുദേവൻപിള്ള, കേരള സ്റ്റേറ്റ് സിയാക് അംഗം ഡോ.കെ.എം.കൃഷ്ണകുമാർ എന്നിവരാണ് ഇന്നലെ രാവിലെ 10ന് മലയിൽ എത്തിയത്. മലയുടെ വിവിധ ഭാഗങ്ങൾ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. പരിശോധന ഉച്ചയ്ക്കു ശേഷം 2 വരെ നീണ്ടു. 

ക്വാറിയുള്ള പൊന്മുഖംമല മൂന്നു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുന്നിന്റെ ഭാഗമാണ്. ഈ കുന്നിന്റെ ചരിവ് നിയമത്തിൽ പറയുന്ന 45 ഡിഗ്രിയിൽ കൂടുതലാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. കുന്നിന്റെ താ‌ഴ്‌വാരത്തിലും ചരിവിലും 200ലേറെ കുടുംബങ്ങളാണുള്ളത്. ഇതു കൂടാതെ നീർച്ചാലുകളും ഉണ്ട്. മലയുടെ ഉപരിതലത്തിന് തൊട്ടുതാഴെ  മണ്ണും ചളിയും നിറഞ്ഞതിനാൽ മലയുടെ ചില ഭാഗത്ത് ശക്തമായി ചവിട്ടിയാൽ തന്നെ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നു ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

ക്വാറി പ്രവർത്തിച്ചാലും ഇല്ലെങ്കിലും ഉരുൾപൊട്ടൽ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലമാണ് ഇതെന്നും ക്വാറിയുടെ പ്രവർത്തനം ഇതിന് ആക്കം കൂട്ടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി പരാതിക്കാരൻ ഹംസ പറഞ്ഞു. മലയുടെ സ്വഭാവം മനസ്സിലാക്കാതെയും മലയുടെ ഉപരിതലത്തിന് തൊട്ടുതാഴെ പരിശോധന നടത്താതെയും ഡിസ്ട്രിക്ട് എൻവയോൺമെന്റ് അതോറിറ്റി  ക്വാറിക്കാർക്ക് നൽകിയ എൻവയോൺമെന്റ് ക്ലിയറൻസ് നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. 

മലയുടെ മുകളിൽ ഉള്ള പാറക്കല്ലുകൾ മണ്ണൊലിപ്പിൽ താഴേക്കു വരാൻ സാധ്യതയുണ്ടെന്നും ഇത് വലിയ വിപത്തുകൾക്ക് ഇട വരുത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മലയുടെ സ്വഭാവം, മണ്ണിന്റെ ബലം, ഘടന എന്നിവയെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താൻ മേലുദ്യോഗസ്ഥരോട്  ശുപാർശ ചെയ്യുമെന്നും പരിശോധനാ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും മേലുദ്യോഗസ്ഥർക്കും കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിസരത്ത് താമസിക്കുന്നവരും നാട്ടുകാരുമുൾപ്പെടെ മലയിൽ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com