ADVERTISEMENT

പാലക്കാട് ∙ തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര  നയങ്ങൾക്കെതിരെ ക്വിറ്റ് ഇന്ത്യ ദിനത്തിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കോട്ടമൈതാനത്ത് മഹാധർണ നടത്തി. പതിനായിരക്കണക്കിനു തൊഴിലാളികൾ അണിനിരന്ന മഹാധർണ സമീപകാലത്തു ജില്ല കണ്ട ഏറ്റവും വലിയ പ്രതിഷേധസംഗമമായി. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളെല്ലാം പങ്കെടുത്ത ജാഥയിൽ നേതാക്കൾ കേന്ദ്രനയങ്ങൾക്കെതിരെ ആഞ്ഞടിച്ചു. രാവിലെ മുതൽ വിവിധ സംഘടനകൾ ചെറുതും വലുതുമായ പ്രകടനങ്ങളായാണു ധർണയ്ക്കെത്തിയത്. തൊഴിലുറപ്പ്, കർഷക, ചുമട്ടു തൊഴിലാളികൾ, ജീവനക്കാരുടെ സംഘടനകൾ, ഹരിതകർമ സേനാംഗങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിൽ നിന്നുള്ളവരും ധർണയിൽ പങ്കെടുത്തു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, ഐഎ‍ൻഎൽസി, എൻഎൽസി, യുടിയുസി, ടിയുസിസി, ടിയുസിഐ, എഐയുടിയുസി, കെടിയുസി സംഘടനകളുടെ കീഴിലാണു പ്രതിഷേധക്കാർ അണിനിരന്നത്. 

ധർണ ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.ജോയി ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശ ആനുകൂല്യങ്ങൾ കവർന്നും കർഷകർക്കെതിരെ കരിനിയമങ്ങൾ പാസാക്കിയും അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സർക്കാർ കോർപറേറ്റുകൾക്കും വൻകിടക്കാർക്കുമായാണു പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ക്വിറ്റ് ബിജെപി മുദ്രാവാക്യവുമായാണു ധർണ നടത്തിയത്. രാജ്യത്തോടും കർഷകരോടും നീതിപുലർ‌ത്താൻ കേന്ദ്രസർക്കാരിനു സാധിച്ചില്ലെന്നും തെറ്റുതിരുത്താൻ പോലും ബിജെപി ഭരണനേതൃത്വം തയാറാകുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി അധ്യക്ഷനായി. 

തൊഴിലാളി സംഘടനാ നേതാക്കളായ എൻ.ജി.മുരളീധരൻ നായർ, എൻ.എൻ.കൃഷ്ണദാസ്, മനോജ് ചീങ്ങന്നൂർ, എം.എം.ഹമീദ്, എ.രാമസ്വാമി, കെ.സി.ജയപാലൻ, നാസർ കൊമ്പത്ത്, ടി.കെ.അച്യുതൻ, എം.എസ്.സ്കറിയ, ടി.കെ.നൗഷാദ്,   ടി.സിദ്ധാർഥൻ, കെ.അപ്പു, വി.അബ്ദുല്ലക്കുട്ടി, പി.ആർ.സുരേഷ്, ഡോ.പി.കെ.േവണു, എച്ച്.മുബാറക്, വി.എൻ.കൃഷ്ണൻ, ഹൈദരലി, എസ്.ബി.രാജു, കെ.വേലു, അയ്യപ്പൻ, കെ.രാമചന്ദ്രൻ, എസ്.കെ.അനന്തകൃഷ്ണൻ, മോഹൻ കാട്ടാശ്ശേരി, ഉണ്ണിക്കൃഷ്ണൻ, ഇവി.കോമളം, എം.പത്മിനി, വി.സരള, മാലതി കൃഷ്ണൻ, സുമ കൊല്ലങ്കോട്, എസ്.എം.നാസർ, വി.എൻ.മോഹനൻ, പി.മുരളീധരൻ, ശിവദാസ്, ഷാഹുൽ ഹമീദ്, സുധാകരൻ പ്ലാക്കാട്ട്, ഷിബു താവളം തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു. 

ആവശ്യങ്ങൾ 

∙ ലേബർ കോഡുകൾ പിൻവലിക്കുക 

∙ നിർദിഷ്ട വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക 

∙ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക 

∙ അസംഘടിത തൊഴിലാളികൾക്കു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക 

∙ അങ്കണവാടി, ആശ, സ്കൂൾ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക, സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം അനുവദിക്കുക 

∙ ആരോഗ്യമേഖലയിലെ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക 

∙ ഇന്ധന നികുതി കുറച്ച് വിലക്കയറ്റം നിയന്ത്രിക്കുക 

∙ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക 

∙ പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ചു, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com