ADVERTISEMENT

അഗളി ∙ രാജ്യസുരക്ഷയ്ക്കും ഐക്യത്തിനും കാവലായി 23 വർഷം തോക്കേന്തിയ, അട്ടപ്പാടി ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ സിആർപിഎഫ് ജവാൻ പി.സെന്നിയപ്പൻ വിരമിച്ചു. ഇലച്ചിവഴി ഊരിൽ രാജന്റെയും പൊന്നിയുടെയും മകനായി പിറന്ന് സീങ്കര, അഗളി, പുതൂർ, മലമ്പുഴ സ്കൂളുകളിൽ പഠിച്ച് പ്ലസ്ടു പൂർത്തിയാക്കിയ സെന്നിയപ്പൻ ഇരുപതാമത്തെ വയസ്സിൽ 2000 ലാണ് സിആർപിഎഫിൽ ചേർന്നത്. മധ്യപ്രദേശിൽ പരിശീലനം കഴിഞ്ഞ് ത്രിപുര, രാജസ്ഥാൻ, ഛത്തീസ്ഗഢ്, കോയമ്പത്തൂർ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഒഡീഷയിൽ നിന്ന് 31ന് വിരമിച്ചു. 

5 വർഷം വീതം ജോലി ചെയ്ത ഛത്തീസ്ഗഡിലും ജമ്മു കശ്മീരിലും നേരിടേണ്ടി വന്ന അനുഭവങ്ങൾ മറക്കാനാകാത്തതാണെന്നു സെന്നിയപ്പൻ പറയുന്നു.  അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ നിന്നു വിരലിലെണ്ണാവുന്നവർ മാത്രമാണ് സൈനിക, അർധ സൈനിക വിഭാഗങ്ങളിലുള്ളത്. കൂടുതൽ പേർ ഈ മേഖലയിൽ സേവനത്തിനെത്തണമെന്നാണ് സെന്നിയപ്പന്റെ ആഗ്രഹം. മൃഗസംരക്ഷണ വകുപ്പിൽ ജീവനക്കാരിയായ ധനലക്ഷ്മിയാണ് ഭാര്യ. മകൾ ഉണ്ണിമായ എൽഎൽബിക്കും മകൻ യദുകൃഷ്ണൻ പത്താം ക്ലാസിലും പഠിക്കുന്നു. 

സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സെന്നിയപ്പനെ ആദരിച്ചു. ഷോളയൂർ എസ്ഐ ഫൈസൽ കോരോത്ത്, ഡോ.വി.നാരായണൻ, കൃഷ്ണ ജ്വല്ലറി ഉടമ ഒ.കൃഷ്ണകുമാർ, കെ.ശ്രീനിവാസൻ, പഞ്ചായത്ത് അംഗം മിനി സുരേഷ്, എ.ഗോപാലകൃഷ്ണൻ, രാകേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് അട്ടപ്പാടി ട്രൈബൽ കുടുംബശ്രീ പ്രവർത്തകരും ആദിവാസി ഉദ്യോഗസ്ഥ സംഘടനയും സെന്നിയപ്പനെ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com