ADVERTISEMENT

പാലക്കാട് ∙ രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനും ജനാധിപത്യം നിലനിർത്തുന്നതും ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി ഓർമിപ്പിച്ചു. പാലക്കാട് കോട്ടമൈതാനത്തു നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതനിരപേക്ഷത ഗുരുതരമായ ആക്രമണങ്ങൾക്കു വിധേയമാകുന്നു. ഇതിനെതിരെ ജനകീയ കൂട്ടായ്മ ഉയർന്നുവരണം.

ഏക സിവിൽ കോഡ് പോലെയുള്ള പ്രഖ്യാപനങ്ങൾ മത ന്യൂനപക്ഷങ്ങളുടെ ഇടയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. കലാപം തുടങ്ങി 100 ദിവസം കഴിഞ്ഞിട്ടും മണിപ്പുർ ശാന്തമാകാത്തതു സ്വാതന്ത്ര്യദിനത്തി‌ൽ വേദന ഉളവാക്കുന്ന കാഴ്ചയാണ്. ജനാധിപത്യത്തിനു കരിനിഴൽ വീഴ്ത്തിയ സംഭവങ്ങളാണ് മണിപ്പുരിൽ നടക്കുന്നത്.

1951ൽ രാജ്യത്തിന്റെ ജിഡിപിയുടെ 55.4% സംഭാവന ചെയ്തിരുന്ന കാർഷിക മേഖലയുടെ വരുമാനം 15% ആയി താഴ്ന്നു. രാജ്യത്തെ 60% ജനങ്ങളും ഇപ്പോഴും കാർഷികവൃത്തിയെ ആശ്രയിച്ചാണു ജീവിക്കുന്നത്. കർഷകരുടെ അവസ്ഥ ദയനീയമാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 

കഴിഞ്ഞ ഏഴ് വർഷക്കാലം കേരളത്തിന്റെ സമസ്ത മേഖലയിലും സമഗ്ര മാറ്റങ്ങൾ സൃഷ്ടിച്ചാണു സർക്കാർ മുന്നോട്ടുപോകുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിനു നിതി ആയോഗ് മുൻനിരയിൽ സ്ഥിരമായി റാങ്ക് നൽകുന്നുണ്ട്. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നു കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്രയത്നത്തിലാണു സംസ്ഥാനം. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ 30% മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഇത് 50% ആക്കാനുള്ള ശ്രമത്തിലാണു സർക്കാരെന്നും മന്ത്രി പറഞ്ഞു.

വി.കെ.ശ്രീകണ്ഠൻ എംപി, പാലക്കാട് നഗരസഭ അധ്യക്ഷ പ്രിയ അജയൻ, കലക്ടർ ഡോ.എസ്.ചിത്ര, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എഡിഎം കെ.മണികണ്ഠൻ, അസിസ്റ്റന്റ് കലക്ടർ ഒ.വി.ആൽഫ്രഡ്, ഉദ്യോഗസ്ഥർ വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

പരേഡിൽ അണിനിരന്നത്  33 പ്ലറ്റൂണുകൾ

കോട്ടമൈതാനത്തു നടന്ന സ്വാതന്ത്ര്യ വാർഷികാഘോഷ പരേഡിന് പറമ്പിക്കുളം എസ്എച്ച്ഒ ആദം ഖാൻ നേതൃത്വം നൽകി. പരേഡിൽ കെഎപി സെക്കൻഡ് ബറ്റാലിയൻ, ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, പാലക്കാട് ലോക്കൽ പൊലീസ്, പാലക്കാട് വനിതാ പൊലീസ്, കേരള ഫോറസ്റ്റ്, കേരള എക്സൈസ്, അഗ്നി രക്ഷാസേന, കേരള ഹോംഗാർഡ്, എൻസിസി, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ, എൻഎസ്എസ്, റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങി 33 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു.

independence-day-celebrations-palakkad2
പാലക്കാട് കോട്ടമൈതാനത്തു നടന്ന സ്വതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി പതാക ഉയർത്തുന്നതു മൊബൈലിൽ പകർത്തുന്നവർ. ചിത്രം: മനോരമ

പൊലീസ് വിഭാഗത്തിൽ കെഎപി സെക്കൻഡ് ബറ്റാലിയൻ 2 പാലക്കാട് ഒന്നും ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ക്യാംപ് രണ്ടും സ്ഥാനം നേടി. അൺ ആംഡ് വിഭാഗത്തിൽ കേരള അഗ്നിരക്ഷാസേന പാലക്കാട്, കേരള എക്സൈസ് പാലക്കാട് ഒന്നും രണ്ടും സ്ഥാനം നേടി. എൻസിസി വിഭാഗത്തിൽ മേഴ്സി കോളജ് 27 കെ ബറ്റാലിയൻ എൻസിസി സീനിയർ വിങ് ഗേൾസ്, ഒറ്റപ്പാലം 28 കെ ബറ്റാലിയൻ എൻസിസി ഗേൾസ് ആൻഡ് ബോയ്സ് എന്നിവർ ഒന്നും പാലക്കാട് ഗവ.വിക്ടോറിയ കോളജ് 27 കെ ബറ്റാലിയൻ സീനിയർ വിങ് ഗേൾസ് ആൻഡ് ബോയ്സ് രണ്ടും സ്ഥാനം നേടി.

സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് ബോയ്സ് വിഭാഗത്തിൽ കോട്ടായി ജിഎച്ച്എസ്എസ് ഒന്നും ബിഇഎം എച്ച്എസ്എസ് പാലക്കാട് രണ്ടും സ്ഥാനം നേടി. സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് ഗേൾസ് വിഭാഗത്തിൽ തത്തമംഗലം ജിഎച്ച്എസ്എസ്, പാലക്കാട് ഗവ.മോയൻ ജിഎച്ച്എസ്എസ് എന്നിവ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. സ്കൗട്സ് വിഭാഗത്തിൽ പാലക്കാട് ബിഇഎം എച്ച്എസ്എസ് ഒന്നും മൂത്താന്തറ കർണകിയമ്മൻ ഹൈസ്കൂൾ രണ്ടും സ്ഥാനം നേടി.

ഗൈഡ്സ് വിഭാഗത്തിൽ പാലക്കാട് ഗവ.മോയൻ ജിഎച്ച്എസ്എസ്, പാലക്കാട് ബിഇഎം സ്കൂൾ എന്നിവർക്കാണ് ആദ്യ രണ്ട് സ്ഥാനങ്ങൾ. ബാൻഡ് വിഭാഗത്തിൽ പാലക്കാട് കാണിക്കമാതാ എച്ച്എസ്എസ്, കണ്ണാടി എച്ച്എസ്എസ് എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. സിവിൽ ഡിഫൻസ് ടീം പാലക്കാട് അണ്ടർ ഫയർഫോഴ്സ്, ജൂനിയർ റെഡ്ക്രോസ് പാലക്കാട്, ഗവ.മോയൻ മോഡൽ ജിഎച്ച്എസ്എസ് എൻഎസ്എസ് സ്റ്റുഡന്റ്സ് എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വിജയികൾക്കു മന്ത്രി കെ.കൃഷ്ണൻകുട്ടി ട്രോഫികൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com