ഓണവിപണി ലക്ഷ്യമിട്ട് കോഴിവില പറക്കുന്നു
Mail This Article
പൊള്ളാച്ചി ∙ കോഴിഫാമുകളിൽ ഇറച്ചിക്കോഴികളുടെ വില വർധിച്ച സാഹചര്യത്തിൽ മാർക്കറ്റിൽ ഇറച്ചി വില ഉയരാൻ സാധ്യതയുള്ളതായി വ്യാപാരികൾ പറയുന്നു. ഓണക്കാലത്ത് ഇറച്ചി വില കൂടുന്നതു കേരള വ്യാപാരികളെ ആശങ്കയിലാക്കി. ഫാമിൽ ഒരു കിലോ കോഴിയുടെ വില 130 രൂപയായി ഉയർന്നതിനാൽ മാർക്കറ്റിൽ ഒരു കിലോ 270 രൂപ മുതൽ 290 രൂപ വരെ ഉയരുമെന്നു വ്യാപാരികൾ പറയുന്നു.
ഓണം അടുത്തതോടെ പൊള്ളാച്ചി പരിസരത്തെ ഫാമുകളിൽ നിന്നു ദിനംപ്രതി അയ്യായിരം കിലോ കോഴികളെ കേരളത്തിലേക്കു കൊണ്ടു പോകുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഫാമിൽ ഒരു കിലോ കോഴി 99 രൂപയ്ക്കാണു വിൽപന നടത്തിയത്. ഓണം അടുത്തതോടെ ഫാം ഉടമകൾ കോഴിവില മനഃപൂർവം വർധിപ്പിക്കുന്നതായും പരാതിയുണ്ട്. കേരളത്തിൽ പല ഭാഗങ്ങളിലും കോഴിഫാം ഉള്ളതിനാൽ മറ്റു വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കേരളത്തിൽ നിന്നു വ്യാപാരികൾ കുറഞ്ഞതായി ഫാം ഉടമകൾ പറയുന്നു. ഇരുന്നൂറ്റൻപതോളം വണ്ടി കോഴികൾ കേരളത്തിലേക്കു കൊണ്ടു പോയിരുന്നെങ്കിലും നിലവിൽ 170 വണ്ടികൾ മാത്രമാണു കൊണ്ടു പോകുന്നത്.