ADVERTISEMENT

പാലക്കാടിന്റെ  ഭാഗ്യം; ഭാഗ്യം തുണയ്ക്കുന്നതിലും പാലക്കാട് മുന്നിൽ

പാലക്കാട് ∙ ഭാഗ്യക്കുറി വിൽപനയിൽ മാത്രമല്ല, ഭാഗ്യം തുണയ്ക്കുന്നതിലും പാലക്കാട് മുന്നിൽ. ഈ വർഷം ആദ്യം നറുക്കെടുത്ത ക്രിസ്മസ്–പുതുവത്സര ബംപർ (16 കോടി), മൺസൂൺ ബംപർ (10 കോടി), ഇന്നലെ നറുക്കെടുത്ത 25 കോടി രൂപയുടെ ഓണം ബംപർ ടിക്കറ്റ് എന്നിവയുടെ ഒന്നാം സമ്മാനങ്ങൾ ലഭിച്ചതു പാലക്കാട്ടു വിറ്റ ടിക്കറ്റുകൾക്കാണ്. ഈ മാസം ദിവസേനയുള്ള നറുക്കെടുപ്പിൽ മൂന്ന് ഒന്നാം സമ്മാനങ്ങൾ പാലക്കാട്ടു വിറ്റ ടിക്കറ്റുകൾക്കു ലഭിച്ചു.

ഓണം ബംപർ സമ്മാനം നേടിയ ടിക്കറ്റ് കോഴിക്കോട് ജില്ലയിൽ നിന്നുള്ളതാണെങ്കിലും വിൽപന നടത്തിയത് പാലക്കാട് വാളയാറിലാണ്.മൺസൂൺ ബംപറിൽ, പാലക്കാട്ടെ ഏജൻസി കുറ്റിപ്പുറത്തെ വിൽപനക്കാരനു വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. വിജയികൾ മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾ. ക്രിസ്മസ് ബംപർ വിജയിയെയും പാലക്കാട് ജില്ലയാണു തീരുമാനിച്ചത്. ഭാഗ്യവാൻ തമിഴ്നാട് സേലം സ്വദേശി. പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെ അദ്ദേഹം തിരുവനന്തപുരത്ത് ലോട്ടറി ഡയറക്ടറേറ്റിൽ ടിക്കറ്റ് ഹാജരാക്കി.

ജില്ലയിൽ സമ്മാനം കൈ നിറയെ 

ഒന്നാം സമ്മാനത്തിനൊപ്പം കൈനിറയെ സമ്മാനങ്ങൾ ഇക്കുറിയും ഓണം ബംപറിൽ ജില്ലയെ തേടിയെത്തി. രണ്ടാം സമ്മാനമായ ഒരു കോടി രൂപ  ജില്ലയിൽ വിറ്റ 2 ടിക്കറ്റുകൾക്കു ലഭിച്ചു. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ വീതം 3 പേർക്കും നാലാം സമ്മാനമായ 5 ലക്ഷം രൂപ വീതം 3 പേർക്കും അഞ്ചാം സമ്മാനമായ 2 ലക്ഷം രൂപ വീതം 2 പേർക്കും ലഭിച്ചു. ചെറുതും വലുതുമായ ഒട്ടേറെ സമ്മാനങ്ങളും പാലക്കാടിനെ തേടിയെത്തി.

ഈയിടെ പാലക്കാടിന് ലഭിച്ച പ്രധാന സമ്മാനങ്ങൾ

∙ 2020 ജൂണിൽ സംസ്ഥാന സർക്കാരിന്റെ സമ്മർ ബംപർ ഒന്നാം സമ്മാനം 6 കോടി രൂപ ലഭിച്ചതു പാലക്കാട് ഒറ്റപ്പാലം തൂതയിൽ വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും (രണ്ടു പേർക്ക്) മൂന്നാം സമ്മാനം 5 ലക്ഷവും പാലക്കാടിനു തന്നെയായിരുന്നു.

∙ 2016ലെ തിരുവോണം ബംപർ എട്ടു കോടി രൂപ ചിറ്റിലഞ്ചേരി  ചേരാമംഗലം പഴത്തറ ഗണേഷിനു ലഭിച്ചു. ആ വർഷത്തെ പൂജ ബംപർ ഒന്നാം സമ്മാനമായ നാലുകോടി രൂപ വണ്ടിത്താവളം തട്ടാൻചള്ള സ്വദേശി ആർ.നാരായണൻകുട്ടിക്കു ലഭിച്ചു.

∙ 2014ൽ കേരള ഭാഗ്യക്കുറിയുടെ പൂജാ ബംപർ ഒന്നാം സമ്മാനമായ രണ്ടു കോടി രൂപ കുഴൽമന്ദം സ്വദേശി വിനോദിനു ലഭിച്ചപ്പോൾ കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി രൂപ മങ്കര മാങ്കുറുശ്ശി സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ വി.കെ. രാജനെ തേടിയെത്തി.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

∙ 2013ലെ ഓണം ബംപർ അഞ്ചു കോടിയും ഒരു കിലോ തങ്കവും പാലക്കാട് മൂത്താന്തറ ശ്രീറാം സ്‌ട്രീറ്റിൽ സി. മുരളീധരനു ലഭിച്ചു.

∙ 2012ൽ പൂജാ ബംപറിന്റെ രണ്ടു കോടി രൂപ ഒറ്റപ്പാലം ബസ്‌ സ്റ്റാൻഡിനു സമീപത്തെ പച്ചക്കറിക്കടയിലെ തൊഴിലാളിയായ മുജീബിനു ലഭിച്ചു. കാരുണ്യ ലോട്ടറിയുടെ 59ാം നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൂറ്റനാട് പിലാക്കാട്ടിരി ചാലാച്ചി ബിജീഷിനു ലഭിച്ചു. പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 51 ലക്ഷം രൂപ മലമ്പുഴ ചെറാട് കുന്നത്തുപുരയിൽ സി.മണിക്കു ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com