ലോട്ടറിക്കടയിൽ നിന്ന് ഓണം ബംപർ ടിക്കറ്റുകൾ മോഷ്ടിച്ചു

Mail This Article
മണ്ണാർക്കാട് ∙ കുമരംപുത്തൂർ ചുങ്കത്ത് ലോട്ടറിക്കടയിൽ നിന്ന് ഓണം ബംപർ ടിക്കറ്റുകൾ മോഷ്ടിച്ചു. . ഇന്നലെ നറുക്കെടുത്ത ഓണം ബംപറിന്റെ മൂന്നു ടിക്കറ്റുകളും രണ്ടായിരം രൂപയും നഷ്ടമായതായി ലോട്ടറിക്കട ഉടമ പുഷ്പലത പറഞ്ഞു. നേരത്തേ പണം നൽകിയ മൂന്നു പേർക്കായി മാറ്റിവച്ച ടിക്കറ്റുകളാണ് നഷ്ടമായതെന്നും അവർ പറഞ്ഞു. ചുങ്കം സ്കൂളിനു മുൻവശത്തെ പിഎസ് ലോട്ടറിക്കടയിലായിരുന്നു കവർച്ച.
കല്ലടി ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപത്തെ പലചരക്ക് കട ആവണി സ്റ്റോർ, സമീപത്തെ ജാസ്മിൻ ഹോട്ടൽ, കെഎം ബേക്കറി എന്നിവിടങ്ങളിലും മോഷണം നടന്നു. സ്ഥാപനങ്ങളുടെ പൂട്ടു തകർത്താണ് അകത്തു കടന്നത്.ആവണി സ്റ്റോറിന്റെ ഗ്രില്ലിന്റെ പൂട്ടു പൊളിച്ച നിലയിലാണ്. കടയിലെ സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു.
മേശയിലുണ്ടായിരുന്ന 1600 രൂപയും നഷ്ടമായതായി കടയുടമ പി.സുധീഷ് പറഞ്ഞു. ഈ കടയോടു ചേർന്നുള്ള ജാസ്മിൻ ഹോട്ടലിന്റെ പിൻവശത്തെ ഗ്രില്ലിന്റെ പൂട്ടു തകർത്തിട്ടുണ്ട്. ഹോട്ടലിൽ നിന്ന് 2700 രൂപ നഷ്ടപ്പെട്ടതായി ഹോട്ടൽ ഉടമ സിദ്ദീഖ് നമ്പിയത്ത് പൊലീസിനു മൊഴി നൽകി.
കുന്തിപ്പുഴ കവലയിൽ നിന്ന് റോഡ് പയ്യനെടം റോഡിൽ ചേരുന്ന ഭാഗത്തെ കെഎം ബേക്കറിയിലും മോഷണം നടന്നു. ഇവിടെ നിന്ന് 300 രൂപ മോഷണം പോയതായി ഉടമ മൊയ്തുപ്പ പറഞ്ഞു. മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഹെൽമറ്റ് വച്ചതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ഈ ഭാഗങ്ങളിലെ കടകളിൽ മോഷണം നടക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local