ADVERTISEMENT

ഷൊർണൂർ ∙ കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ വായ്പ ക്രമക്കേട് ആരോപണത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്താൻ സിപിഎമ്മിന്റെ തീരുമാനം. വായ്പ വിതരണത്തിൽ ക്രമക്കേടുകൾ ഉണ്ടോ, ആസ്തികൾ‍ കൃത്യമാണോ എന്നതു സംബന്ധിച്ചു സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.സലീഖയാണ് അന്വേഷിക്കുക.

സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനും ബന്ധുക്കൾക്കും ക്രമവിരുദ്ധമായി നൽകിയ വായ്പകൾ വിവാദമായ പശ്ചാത്തലത്തിലാണു മുഖം രക്ഷിക്കാൻ പാർട്ടി അന്വേഷണം തീരുമാനിച്ചത്. എന്നാൽ, അർബൻ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ പാർട്ടി അന്വേഷണം നടത്തി അഴിമതിക്കാരെ രക്ഷിച്ചെടുക്കാൻ കഴിയില്ല.

അതേസമയം, ബാങ്കിലെ വായ്പ വിതരണത്തിലെ പ്രശ്നങ്ങൾ നേരത്തേ തന്നെ ആർബിഐ ചൂണ്ടിക്കാണിച്ചിരുന്നു. തിരിച്ചടവില്ലാതെ നിഷ്ക്രിയ ആസ്തിയായ വായ്പകൾ തിരികെ പിടിക്കാൻ ആർബിഐ നിർദേശം നൽകുകയും ചെയ്തിരുന്നു. 11 വായ്പകളിലായി 7 കോടി രൂപയാണു തിരിച്ചടവു മുടങ്ങിയത്.

ഇക്കഴിഞ്ഞ ജൂലൈയിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തുകയും തിരിച്ചടവിന്റെ കാര്യത്തിൽ ജാഗ്രത വേണമെന്നു നിർദേശം നൽകുകയും ചെയ്തു. തുടർന്നാണ് ടോപ് 20 വിഭാഗത്തിൽപെടുന്ന വായ്പകൾ ‘റിസ്കി ലോൺ’ പട്ടികയിൽ ഉൾപ്പെടുത്തി തിരിച്ചടപ്പിക്കാൻ നിർദേശം നൽകിയത്. മാർച്ച് വരെ കൃത്യമായി അടച്ച, ഒരേ കുടുംബത്തിൽ പലർക്കായി കൊടുത്ത 11 വായ്പകൾ ഉൾപ്പെടെ 32 വായ്പകൾ സംബന്ധിച്ചു സർഫാസി അനുസരിച്ചു ജപ്തിയും തിരിച്ചടവിനു നടപടികളും ബാങ്ക് തുടങ്ങിയതായി അറിയുന്നു.

ബാങ്കിന്റെ പ്രവർത്തനം സംബന്ധിച്ചു പല തലങ്ങളിൽ നിന്നും സഹകരണ വകുപ്പിനു പരാതി ലഭിച്ചിരുന്നു. തുടർന്ന് സഹകരണവകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാർ പ്രാഥമികാന്വേഷണം നടത്തുകയും വിശദമായ അന്വേഷണം വേണമെന്നു ജോയിന്റ് റജിസ്ട്രാറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

തുടർന്ന് സഹകരണ ഇൻസ്പെക്ടറോടു വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. പ്രാദേശിക സിപിഎം നേതാവിന്റെ ബന്ധുക്കൾക്കു മതിയായ ഈടില്ലാതെയാണു വായ്പ നൽകിയതെന്നാണു സൂചന. ജപ്തിനടപടികൾ സ്വീകരിച്ചാൽ പോലും ബാങ്കിന്റെ നഷ്ടം ഈടാക്കാൻ കഴിയില്ല.

അതേസമയം, സിപിഎമ്മിനകത്തെ ഗ്രൂപ്പ് വഴക്കാണ് അഴിമതി പുറത്തു വരാൻ കാരണമെന്നറിയുന്നു. കരുവന്നൂർ ബാങ്ക് വിവാദത്തിന്റെ പശ്ചാത്തലത്തിൽ നേരത്തേ വലിയ സഹകരണ സ്ഥാപനങ്ങളുടെ ചുമതല ജില്ലാ കമ്മിറ്റി അംഗങ്ങൾക്കു നൽകിയിരുന്നു. ജില്ലാ കമ്മിറ്റി അംഗം എം.ആർ.മുരളിക്കാണ് ഷൊർണൂർ അർബൻ ബാങ്കിന്റെ ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com