ADVERTISEMENT

പാലക്കയം ∙ പാണ്ടൻമലയിലെ ഉരുൾപൊട്ടലിൽ ലക്ഷങ്ങളുടെ നഷ്ടമെന്നു പ്രാഥമിക വിലയിരുത്തൽ. മലയടിവാരത്തു നിന്നു മണ്ണും കല്ലും ഒഴുകി വൻമരങ്ങൾ കടപുഴകി. ഒരു കിലോമീറ്ററോളം കുത്തിയൊഴുകിയെത്തിയ ഭാഗങ്ങളിൽ കൃഷിയിടങ്ങൾ മണ്ണിനടിയിലായി. മൂന്നാംതോട് അച്ചിലട്ടി ചെട്ടിപറമ്പിൽ റോബിൻ വർഗീസിന്റെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്തെ 400 വാഴകൾ, ചെട്ടിപറമ്പിൽ ഷിജുവിന്റെ 300 കമുക്, തകരപ്പിള്ളിയിൽ റോയിയുടെ 30 കമുക് എന്നിവ നശിച്ചു. കുരുമുളക്, ജാതി, തെങ്ങ് എന്നിവയും നശിച്ചു. പാലക്കയം ടൗണിലെ 19 കടകളിലും 12 വീടുകളിലും ഒരു സ്കൂളിലും വെള്ളം കയറി. തരിപ്പപ്പതിയിലും കുണ്ടംപൊട്ടി റോഡിലും ചീനിക്കപ്പാറ എസി റോഡിലും മണ്ണിടിഞ്ഞു.

ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറുന്നതിനും കൃഷിനാശത്തിനും കുടുംബങ്ങൾ ഒറ്റപ്പെടുന്നതിനും ശാശ്വത പരിഹാരം വേണമെന്നു കെ.ശാന്തകുമാരി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാട്ടുകാർ ആവശ്യപ്പെട്ടു. പുഴയിലെ അടിഞ്ഞു കൂടിയ മണ്ണും മണലും മരങ്ങളും നീക്കം ചെയ്ത് ഒഴുക്കു സുഗമമാക്കാൻ യോഗം തീരുമാനിച്ചു. അഗ്നിരക്ഷാസേന, വനം വകുപ്പ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ ഇത്തരം പ്രവൃത്തികൾ ഉടൻ തുടങ്ങും. പ്രളയത്തിൽ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ക്യാംപ് ഒരുക്കും.

ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്തു 15 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റും. പാലക്കയം മേഖലയിലെ തരുപ്പപ്പതി, ചീനിക്കപ്പാറ എന്നീ ചപ്പാത്തുകൾക്കു പകരം പാലം നിർമാണത്തിനു നടപടി സ്വീകരിക്കും. സർക്കാരിന്റെ സാമ്പത്തിക അനുമതി ലഭിച്ചാൽ നടപടി വേഗത്തിലാക്കുമെന്നും എംഎൽഎ പറഞ്ഞു. സബ് കലക്ടർ ഡി.ധർമലശ്രീ, തഹസിൽദാർ ജെറിൻ ജോൺസൻ, ഡപ്യൂട്ടി കലക്ടർ കെ.രാമൻകുട്ടി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അർച്ചന മുരളി, തച്ചമ്പാറ പഞ്ചായത്ത് അധ്യക്ഷൻ ഒ.നാരായണൻകുട്ടി, വില്ലേജ് ഓഫിസർ പി.എ.സെബാസ്റ്റ്യൻ, നാട്ടുകാർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പാണ്ടൻമലയിൽ ഉരുൾപൊട്ടിയ ഭാഗം ജിയോളജി ജില്ലാ ഓഫിസർ എം.വി.വിനോദ്, അസിസ്റ്റന്റ് ഓഫിസർ വി.ജെ.രാഹുൽ എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു. പ്രദേശത്തെ ഭൂമിയുടെ ഘടനയും ഉരുൾപൊട്ടൽ നടന്ന സ്ഥലത്തിന്റെ വിശദമായ വിവരങ്ങളുമുള്ള റിപ്പോർട്ട് ഉടൻ ബന്ധപ്പെട്ട അധികൃതർക്കു നൽകും. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൃഷി നാശത്തിന്റെ കണക്കുകൾ ശേഖരിച്ചു. കർഷകർ അപേക്ഷ നൽകുന്ന മുറയ്ക്കു നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com