ഒരു വര്‍ഷത്തിനുള്ളില്‍ കണ്ണംകുളം- കമ്മാന്തറ റോഡ് തകർന്നു

Mail This Article
വടക്കഞ്ചേരി∙ മലയോര മേഖലയായ കിഴക്കഞ്ചേരി-വടക്കഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണംകുളം-കമ്മാന്തറ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു. രണ്ടര കിലോമീറ്റർ വരുന്ന റോഡിന്റെ പല ഭാഗവും തകര്‍ന്നു കിടക്കുകയാണ്. ഇതിന് പുറമെ മംഗലംഡാം ശുദ്ധജല പദ്ധതിക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പുതിയ റോഡ് വെട്ടിപ്പൊളിച്ചതോടെ തകര്‍ച്ച പൂര്‍ണമായി. കണ്ണംകുളത്തെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങളാണ് കുത്തിപ്പൊളിച്ചത്. ഇതോടെ കല്ലും മണ്ണും നിറഞ്ഞ് റോഡിലൂടെയുള്ള യാത്ര ദുരിതമായി. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും അനുവദിച്ചാണ് നിർമാണം തുടങ്ങിയത്.
ഇതില്‍ പ്രധാനി മുതൽ കമ്മാന്തറ വരെ ഒന്നും ചെയ്തില്ല. 600 മീറ്റർ ഭാഗം കാൽനട യാത്രയ്ക്കുപോലും പറ്റാത്ത രീതിയിൽ തകർന്നു കിടക്കുകയാണ്. ഇവിടെ ക്വാറി വേസ്റ്റ് തട്ടി കുഴിയടച്ച് കരാറുകാരൻ സ്ഥലം വിട്ടു. ഇതോടെ മെറ്റലുകൾ റോഡിൽ നിരന്ന് അപകടങ്ങളും സ്ഥിരമായി. റോഡ് നിർമാണത്തിനായി അനുവദിച്ച ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാതെ പലയിടത്തും കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ചിലയിടത്ത് റോഡിൽ വൻകുഴികളും രൂപപ്പെട്ടിട്ടുണ്ട്. റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ ഗതാഗത സ്തംഭനവും നിത്യസംഭവമായി.
വിവിധ സ്ഥലങ്ങളിൽ നിന്ന് ഭാരവാഹനങ്ങളും റോഡിലൂടെ കടന്നുപോകുന്നത് റോഡിന്റെ തകർച്ച പൂർണമാക്കി. മഴവെള്ളം കുത്തിയൊലിച്ചെത്തി നിർമിച്ച റോഡിന്റെ പല ഭാഗവും തകർന്നിട്ടും വെള്ളച്ചാലുകളും ഇവിടെ നിര്‍മിച്ചിട്ടില്ല. പാലക്കുഴിയിൽ നിന്നും പനംകുറ്റിയിൽ നിന്നും പച്ചക്കറികളും നാണ്യവിളകളുമായി വരുന്ന കർഷകരും ദുതിതത്തിലാണ്. നാട്ടുകാർ നിരന്തരം പരാതി പറഞ്ഞിട്ടും റോഡിന്റെ ബാക്കി ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനത്തിനോ നിര്‍മാണത്തില്‍ തകര്‍ന്ന റോഡിലെ കുഴികള്‍ അടക്കാനോ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.