നറുക്കെടുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഓണം ബംപർ ടിക്കറ്റ് ഉൾപ്പെടെ മോഷ്ടിച്ചു, പ്രതി പിടിയിൽ

Mail This Article
മണ്ണാർക്കാട് ∙ കുമരംപുത്തൂരിലെ ലോട്ടറിക്കടയിൽനിന്ന് ഓണം ബംപർ ഉൾപ്പെടെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. നെന്മാറ അയിലൂർ സ്വദേശി പൂളക്കപ്പറമ്പിൽ ജലീലാണ് (35) അറസ്റ്റിലായത്. മണ്ണാർക്കാട് കുമരംപുത്തൂർ ചുങ്കം, എംഇഎസ് കോളജ് പരിസരം, കല്ലടി ഇംഗ്ലിഷ് മീഡിയം സ്കൂൾ പരിസരം എന്നിവിടങ്ങളിലെ കടകൾ കുത്തിത്തുറന്നു മോഷണം നടത്തിയ കേസിലാണ് ജലീൽ ഒലവക്കോടുനിന്നു പിടിയിലായത്.
നറുക്കെടുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കുമരംപുത്തൂരിലെ ലോട്ടറിക്കടയിൽ നിന്നു മൂന്നു ബംപർ ടിക്കറ്റുകളും മോഷണം പോയിരുന്നു. നഷ്ടമായ ലോട്ടറിക്ക് സമ്മാനം അടിച്ചിരുന്നില്ല.കുമരംപുത്തൂരിൽ മോഷണത്തിനായി സ്കൂട്ടറിലെത്തുന്ന സിസിടിവി ദൃശ്യമാണു പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
വടക്കാഞ്ചേരിയിൽ നിന്ന് മോഷ്ടിച്ചതായിരുന്നു സ്കൂട്ടർ. കല്ലടി ഇംഗ്ലിഷ് മീഡിയം സ്കൂൾ പരിസരത്തെ ബേക്കറിയിലെ സിസിടിവിയിൽ ഉൾപ്പെടെ പ്രതി സഞ്ചരിച്ച സ്കൂട്ടറിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ സിസിടിവിയിൽ നിന്ന് ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വടക്കാഞ്ചേരി സ്റ്റേഷനിൽ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ രണ്ട് കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
എസ്ഐമാരായ വി.വിവേക്, കെ.വിനോദ്കുമാർ, എഎസ്ഐ ടി.കെ.ശ്യാംകുമാർ, സിപിഒമാരായ കെ.രാമചന്ദ്രൻ, പി.ഗിരീഷ്, ഡിവൈഎസ്പിയുടെ സ്ക്വാഡിലെ എസ്‌സിപിഒമാരായ കെ.സാജിദ്, പി.ദാമോദരൻ, കെ.രാജീവ്, ടി.കെ.റംഷാദ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local