കൂറ്റനാട്ട് റോഡിൽ 50 മീറ്ററോളം ചെളിവെള്ളവും വൻ കുഴിയും

Mail This Article
കൂറ്റനാട്∙ സംസ്ഥാന പാതയിൽ കൂറ്റനാട് ജുമാ മസ്ജിദിനു പടിഞ്ഞാറു ഭാഗത്ത് 50 മീറ്റർ ദുരത്തിലുള്ള വൻ ചെളിവെള്ളക്കെട്ടിലും അതിൽ രൂപപ്പെട്ട ആഴത്തിലുള്ള കുഴിയിലും പെട്ട് ഇന്നലെ മാത്രം 4 വാഹനങ്ങൾ അപകടത്തിൽപെട്ടു. റോഡിന്റെ പകുതിയോളം വരുന്ന വെള്ളക്കെട്ടുള്ള ഭാഗത്ത് ആഴത്തിലുള്ള കുഴികളാണ് ഉള്ളത്. അതിൽ റോഡിന് നടുവിലുള്ള കുഴിയാണ് ഏറ്റവും വലുത്.
ആഴ്ചകളോളമായി ഇതിനു മുകളിലടക്കം ചെളിവെള്ളമാണ്. ഇരുച്ചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, മറ്റു ചെറുവാഹനങ്ങൾ എന്നിവ മറയുകയും നിയന്ത്രണം വിട്ടു അപകടത്തിൽപെടുകയും ചെയ്യുന്നത് പതിവായിട്ട് ഒരു മാസത്തിലേറെയായിട്ടും നാളിതുവരെ നടപടി സ്വീകരിക്കേണ്ട തൃത്താല പിഡബ്ല്യുഡിയുടെയോ ജനപ്രതിനിധികളുടെയോ കണ്ണുതുറന്നിട്ടില്ല എന്നാണ് പരാതി. .
ഇന്നലെ ഒരു സ്ത്രീ അടക്കമുള്ള യാത്രക്കാർക്കാണ് പരുക്കേറ്റതെന്ന് പരിസരവാസികൾ പറഞ്ഞു. ഒട്ടേറെ വാഹനങ്ങൾ തകരാറിലാകുകയും ചെയ്തു. അപകടങ്ങൾ കണ്ട് സഹിക്കാൻ വയ്യാതെ സമീപവാസികൾ റോഡിൽ എന്തെങ്കിലും തടസ്സം വച്ചാൽ അത് നിയമപ്രശ്നം ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കുകയും ചെയ്യുന്നത് പതിവാണ്. മേഖലയിൽ അപകടം പതിവായതോടെ ചാലിശ്ശേരി പഞ്ചായത്ത് അധ്യക്ഷയുടെ നേതൃത്വത്തിൽ തൃത്താല പിഡബ്ല്യുഡി എൻജിനിയർക്ക് ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയിട്ടും ഒരു മാസമായി.
രാഷ്ട്രീയ ഭേദമന്യെ ഭരണ പ്രതിപക്ഷകക്ഷികളും മറ്റു ജനപ്രതിനിധികളും നാട്ടുകാരും പല തവണ ഓഫിസ് കയറിയിറങ്ങി. മന്ത്രിയുടെ മണ്ഡലമായിട്ടും ഇത്തരത്തിലുള്ള അപകടാവസ്ഥ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന 2 സംസ്ഥാന പാതകൾ ഒരുമിച്ചു കടന്നുപോകുന്ന റോഡിൽ ഉണ്ടായിട്ടും പരിഹാരം കാണാനാകാത്തതിന്റെ നിരാശയിലാണ് നാട്ടുകാരും യാത്രക്കാരും. അതേസമയം ഇത്രയും ഗുരുതരമായ സാഹചര്യം നാളിതുവരെയും പരിഹരിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ നടപടി സ്വീകരിക്കാമെന്നാണ് മന്ത്രി എം.ബി.രാജേഷ് ഇന്നലെ പറഞ്ഞത്.