ADVERTISEMENT

പാലക്കാട് ∙ ജി.ബി.റോഡിലെ യന്ത്രപ്പടി പതുക്കെ ചലിപ്പിച്ചു തുടങ്ങി. ഇന്നലെ പരീക്ഷണാർഥം 2 തവണ യന്ത്രപ്പടി ചലിപ്പിച്ചു നിർത്തി. യാത്രക്കാരെ കയറ്റാതെയായിരുന്നു പരീക്ഷണക്കയറ്റം. സ്വിച്ചിട്ട് യന്ത്രപ്പടി ഒരു ചുവട് മുകളിലേക്കു കയറിയതോടെ നിർത്തി. സമാന രീതിയിൽ ഒരു തവണ കൂടി പരീക്ഷിച്ചു.

ആദ്യ ഘട്ട പരീക്ഷണം പൂർണ വിജയമാണ്. തുടർന്നുള്ള ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ഭാരം കയറ്റിയും അതു വർധിപ്പിച്ചും ട്രയൽ റൺ നടത്തി യന്ത്രപ്പടി പൂർണതോതിൽ പ്രവർത്തന സജ്ജമാക്കും. അവസാനഘട്ട മിനുക്കുപണികൾ മാത്രമേ ഇനി ബാക്കിയുള്ളൂ. ഇതു കൂടി പൂർത്തിയാക്കി അടുത്ത മാസത്തോടെ പദ്ധതി ഉദ്ഘാടനം നടത്തി യാത്രക്കാർക്കായി തുറന്നു കൊടുക്കാനാണു ലക്ഷ്യമിടുന്നത്. ആഘോഷമായിത്തന്നെ ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണു നഗരസഭാധികൃതർ. 

നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ്, കൗൺസിലർമാരായ എം.അരുണ, മൺസൂർ മണലാഞ്ചേരി, എഫ്.ബി.ബഷീർ, എം.ശശികുമാർ, കെ.ജയലക്ഷ്മി, നഗരസഭ സെക്രട്ടറി ടി.ജി.അജേഷ്, അമൃത് പദ്ധതി ചാർജ് ഓഫിസർ ടി.അഖിൽ, റെയിൽവേ, കെഎസ്ഇബി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ട്രയൽ റൺ. 

യന്ത്രപ്പടി പദ്ധതി ചലിച്ചു തുടങ്ങിയത് 

അമൃത് പ്രോജക്ടിൽ ഉൾപ്പെടുത്തി 2018ലാണ് നഗരസഭ ജിബി റോഡിൽ യന്ത്രപ്പടി പദ്ധതി സ്ഥാപിക്കാനൊരുങ്ങുന്നത്. പൊതുസ്ഥലത്ത് ഇത്തരത്തിലുള്ള പദ്ധതി രാജ്യത്തു തന്നെ അത്ര പരിചിതമല്ല. ഇതേത്തുടർന്ന് ആദ്യം തയാറാക്കിയ രൂപരേഖ വരെ മാറ്റേണ്ടിവന്നു. തുകയും ഉയർത്തേണ്ടിവന്നു. 

അധികവിഹിതം കണ്ടെത്തുന്നതു സംബന്ധിച്ചു നഗരസഭയിലുണ്ടായ തർക്കം നിരന്തരം കൗൺസിൽ യോഗം പോലും തടസ്സപ്പെടുത്തുന്ന വിധത്തിലേക്കു വളർന്നു. ഇതെല്ലാം മറികടന്നാണ് 2023ൽ 5.72 കോടി രൂപ ചെലവിൽ ജിബി റോഡിൽ യന്ത്രപ്പടി പ്രവർത്തന ഘട്ടത്തിലെത്തി നിൽക്കുന്നത്. റെയിൽവേയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. 

ജിബി റോഡിലുണ്ടായിരുന്ന റെയിൽവേ ഗേറ്റ് സ്ഥിരമായി അടച്ചതിനു പകരമായാണ് ടൗൺ റെയിൽവേ മേൽപാലം നിർമിച്ചത്. എങ്കിലും അതുവഴി ചുറ്റിത്തിരിഞ്ഞു നടന്നു പോകാൻ വഴിയാത്രക്കാർക്കു ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണു മുതിർന്നവർക്കുൾപ്പെടെ കഠിനാധ്വാനം ഇല്ലാതെ ജിബി റോഡിന്റെ അപ്പുറത്തെത്താൻ നഗരസഭ യന്ത്രപ്പടി സ്ഥാപിച്ചത്. ഇവിടെ റെയിൽവേ ട്രാക്കിനു കുറുകെ നടപ്പാലം ഉണ്ട്. ഇത് അതേപടി നിലനിർത്താനാണ് ആലോചിക്കുന്നത്. 

പ്രവർത്തനം പരിപാലനം 

യന്ത്രപ്പടി പ്രവർത്തന സജ്ജമാക്കി റെയിൽവേ പാലക്കാട് നഗരസഭയ്ക്കു കൈമാറും. തുടർന്നുളള പരിപാലനം നഗരസഭയുടെ ഉത്തരവാദിത്തമാണ്. ആദ്യത്തെ ഒരു വർഷം പ്രസ്തുത കമ്പനി തന്നെ അറ്റകുറ്റപ്പണി നടത്തും. ശേഷം തുടർന്നുള്ള എല്ലാ നടത്തിപ്പു ചെലവും നഗരസഭ വഹിക്കണം. വൈദ്യുതിച്ചാർജ് ഇനത്തിലായിരിക്കും കൂടുതൽ ചെലവ്. സുരക്ഷയും ഉറപ്പാക്കണം. പ്രവർത്തനച്ചെലവു കണ്ടെത്താൻ സ്പോൺസർഷിപ്, പരസ്യം സ്ഥാപിക്കാൻ അനുമതി നൽകുന്നത് ഉൾപ്പെടെ നഗരസഭ പരിഗണിക്കും. നഗരത്തിന്റെ സ്വപ്നപദ്ധതി കൂടിയാണ് പൂർത്തീകരണത്തിനൊരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com