ADVERTISEMENT

പാലക്കാട് ∙ നഗരത്തിൽ വാഹന പാർക്കിങ്ങിനു സ്ഥലം കണ്ടെത്താൻ നഗരസഭ നടപടി തുടങ്ങി. ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലം കണ്ടെത്താനും അവിടെ പാർക്കിങ് സൗകര്യം ഒരുക്കാനുള്ള സാധ്യതയും നഗരസഭ എൻജിനീയറിങ് വിഭാഗം പരിശോധിച്ചു തുടങ്ങി. സ്വകാര്യ സ്ഥലത്തു പാർക്കിങ് സ്ഥലം തുടങ്ങാൻ താൽപര്യമുള്ളവർക്കു നഗരസഭ സഹായം നൽകുമെന്ന് അധ്യക്ഷ പ്രിയ അജയൻ പറഞ്ഞു.

നഗരസഭയ്ക്കു പാട്ടത്തിനു നൽകിയാലും സൗകര്യം ഒരുക്കും.  നഗരത്തിലെ റവന്യു, മരാമത്ത് വകുപ്പിന്റെ സ്ഥലത്തു പാർക്കിങ് സൗകര്യം ഏർപ്പെടുത്താനാകുമോ എന്നതും പരിശോധിക്കുന്നുണ്ട്. ശകുന്തള ജംക്‌ഷനിലെ സ്ഥലം പാട്ടത്തിന് ആവശ്യപ്പെട്ട് റെയിൽവേയ്ക്കു കത്തു നൽകുമെന്നും പ്രിയ അജയൻ പറഞ്ഞു. നഗരസഭയുടെ കീഴിൽ നഗരത്തിൽ മൂന്നിടത്തു മാത്രമാണു പാർക്കിങ് സൗകര്യമുള്ളത്. പട്ടിക്കര ബിഒസി റോഡ്, എസ്ബിഐ ജംക്‌ഷൻ, ഗവ.വിക്ടോറിയ കോളജിനു സമീപത്തെ തപോവനം എന്നിവിടങ്ങളിലാണിത്.

ഇതുപോലെ തിരക്കേറിയ ഇടങ്ങളിലും സൗകര്യം ഒരുക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇരുചക്ര വാഹനങ്ങൾ പണമടച്ചു പാർക്ക് ചെയ്യാം. നൂറിൽ താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രമാണു സൗകര്യം. കാറുകൾക്ക് പാർക്കിങ് സൗകര്യം ഇല്ല. ഇതോടെ പലരും വഴിയരികിലും കടകൾക്കു മുന്നിലും കാർ നിർത്തിയിടുന്നതു പതിവാണ്. കാർ ഉൾപ്പെടെ പാർക്ക് ചെയ്യാൻ സൗകര്യം വിപുലീകരിക്കണമെന്നാണ് ആവശ്യം. വലിയങ്ങാടിയിലും പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ചന്ദ്രനഗർ, ഹെഡ് പോസ്റ്റ് ഓഫിസ് റോഡ്, കോട്ടമൈതാനം, സ്റ്റേഡിയം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യം ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com