ADVERTISEMENT

ജെല്ലിപ്പാറ∙ ഒമ്മലയിൽ മരം വീണു വൈദ്യുതിത്തൂണുകൾ മറിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് തലനാരിഴയ്ക്കു  രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് ഒമ്മല–ഓടപ്പെട്ടി റോഡിൽ വലിയ മരം വൈദ്യുതിക്കമ്പിയിലേക്കു മറിഞ്ഞു വീണത്.

4 ഹൈടെൻഷൻ തൂണുകളും 2 ലോ ടെൻഷൻ തൂണുകളും മറിഞ്ഞു വീണു. 200 മീറ്ററോളം ദൂരത്തിൽ വൈദ്യുതി ലൈൻ നിലംപതിച്ചു. ഈ സമയത്താണ് ഓടപ്പെട്ടിയിൽ നിന്ന് അഗളിയിലേക്കുള്ള സ്വകാര്യ ബസ് അതുവഴിയെത്തിയത്. മരവും വൈദ്യുതി ലൈനുകളും പതിക്കുന്നതു കണ്ടു ഡ്രൈവർ വാഹനം സുരക്ഷിതമായി നിർത്തിയത് അപകടം ഒഴിവാക്കി.ഈ സമയം പരിസരത്തു ജോലിയിലുണ്ടായിരുന്ന അഗളി കെഎസ്ഇബി ഓഫിസിലെ ലൈൻമാൻ മാത്യു തോമസ്, താൽക്കാലിക ജീവനക്കാരൻ തേവൻ എന്നിവർ ഓടിയെത്തി വിവരം സബ് സ്റ്റേഷനിൽ അറിയിച്ചു.

ലൈൻ ചാർജ് ചെയ്യരുതെന്നു നിർദേശം നൽകി. സബ് എൻജിനീയർ കെ.രവിയുടെ നേതൃത്വത്തിൽ കൂടുതൽ ജീവനക്കാരെത്തി ഗതാഗത തടസ്സം നീക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. പ്രദേശത്തു ശക്തമായ മഴയുണ്ട്. ഓടപ്പെട്ടി, വിലങ്ങൻമുക്ക്, പാറവളവ്, മൂച്ചികുണ്ട് എന്നീ ട്രാൻസ് ഫോമറുകളുടെ പരിധിയിൽ ഇന്നു വൈകിട്ട് 6 വരെ വൈദ്യുതി തടസ്സപ്പെടുമെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com