ADVERTISEMENT

പാലക്കാട് ∙ സേലം– കൊച്ചി ദേശീയപാത 544ൽ വാളയാറിനും തൃശൂരിനും ഇടയിൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയ 11 ഇടങ്ങളിൽ അടിപ്പാതകൾ നിർമിക്കുന്നു. ജില്ലയിൽ കാഴ്ചപ്പറമ്പ് ജംക്‌ഷൻ, കുഴൽമന്ദം, ആലത്തൂർ സ്വാതി, തൃശൂരിലെ വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്, ആമ്പല്ലൂർ, കൊരട്ടി, ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിലാണ് അടിപ്പാതകൾ നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ദേശീയ ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ഭരണാനുമതി നേടിയ പദ്ധതിക്ക് ഉടൻ ടെൻഡർ വിളിക്കും. 560 കോടിയോളം രൂപയാണു പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്. പതിവായി ഗതാഗതക്കുരുക്കും റോഡപകടങ്ങളുമുള്ള ഈ മേഖലകളിൽ മേൽപാലമോ അടിപ്പാതയോ വേണമെന്നു ദീർഘകാലമായി ജനങ്ങൾ ആവശ്യപ്പെടുന്നതാണ്. അടിപ്പാത വരുന്നതോടെ ഇവിടെയുള്ള സിഗ്നൽ ലൈറ്റുകൾ ഒഴിവാക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു.

കണ്ണാടി കാഴ്ചപ്പറമ്പ് ജംക്‌ഷൻ സ്ഥിരം അപകടമേഖലയാണ്. ഇവിടെ ഒട്ടേറെ മരണങ്ങളുണ്ടായിട്ടുണ്ട്. നഗരത്തോടു ചേർന്നു കിടക്കുന്ന പ്രദേശത്തു നല്ല തിരക്കുമുണ്ട്. കണ്ണാടി മണലൂർ മുതൽ കടുന്തിരുത്തി മേൽപാലം വരെ ഏതാണ്ടു 4 കിലോമീറ്റർ വളവില്ലാത്ത റോഡാണ്. മേൽപാലം മുതൽ കാഴ്ചപ്പറമ്പ് വരെ നല്ല ഇറക്കവുമുണ്ട്. സർവീസ് റോഡുകളിൽ നിന്നു സിഗ്നൽ തെറ്റിച്ചു വാഹനങ്ങൾ വരുന്നതും പതിവാണ്. പ്രദേശത്ത് അപകടനിയന്ത്രണ സംവിധാനങ്ങൾ വേണമെന്ന് ഏറെ കാലമായി ആവശ്യമുയർന്നിരുന്നു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കന്നുകാലിച്ചന്തയുള്ള കുഴൽമന്ദം ‌ജം‌ക്‌ഷൻ തിരക്കേറിയതാണ്. തൃശൂർ, പാലക്കാട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ കൂടുതലുള്ള ചിറ്റൂർ കൊടുവായൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ, തിരുവില്വാമല, പെരിങ്ങോട്ടുകുറിശ്ശി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ എന്നിവ സംഗമിക്കുന്ന സ്ഥലമാണിത്. മേൽപാലം വേണമെന്ന് ദേശീയപാത നവീകരണ സമയത്തു തന്നെ ആവശ്യം ഉയർന്നിരുന്നു. ആലത്തൂരിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് ബൈപാസ് ജംക്‌ഷനായ സ്വാതി കവല. സിഗ്നൽ സംവിധാനം ഉണ്ടെങ്കിലും രാത്രി അപകടങ്ങൾ പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com