കാത്തിരിപ്പു വെറുതെയായില്ല, ശങ്കു മെഡലുമായി വരുന്നു...
Mail This Article
പാലക്കാട് ∙ ശ്വാസമടക്കിപ്പിടിച്ചാണ് ഏഷ്യൻ ഗെയിംസിലെ ശ്രീശങ്കറിന്റെ പ്രകടനം അമ്മ ഇ.എസ്.ബിജിമോളും ബന്ധുക്കളും ഇന്നലെ കണ്ടത്. ഏഷ്യൻ ഗെയിംസിൽ ലോങ്ജംപിൽ വെള്ളി മെഡൽ നേടിയ ശങ്കുവിന്റെ പ്രകടനം കാണാൻ യാക്കരയിലെ വീട്ടിൽ ഇന്നലെ വൈകിട്ടു തന്നെ ബന്ധുക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ എത്തിയിരുന്നു. മുൻ കായികതാരം കൂടിയായ ഇ.എസ്.ബിജിമോൾക്കും സഹോദരി ശ്രീപാർവതിക്കുമൊപ്പം അവർ മത്സരം കണ്ടു. ആദ്യ ചാട്ടം ഫൗളായതോടെ എല്ലാവരുടെയും നെഞ്ചിടിപ്പു വർധിച്ചു. ഒരു നാട് മുഴുവൻ ശ്വാസമടക്കിയാണ് ഫൈനൽ മത്സരം കണ്ടത്. രണ്ടും മൂന്നും ശ്രമങ്ങൾ മികച്ച രീതിയിൽ ഫിനിഷ് ചെയ്തതോടെ തെല്ല് ആശ്വാസം. ടിവിയിൽ മത്സരം കണ്ടുകൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്കും ബിജിമോൾ വീട്ടിലെ പൂജാ മുറിയിലേക്ക് ഇടയ്ക്കിടെ എത്തി പ്രാർഥിച്ചു. നാലാം ശ്രമത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഈ പ്രകടനം ഫൗളാണോ എന്ന സംശയം ഉയർന്നതോടെ വീട്ടിൽ നിശ്ശബ്ദത, പിന്നെ എല്ലാവരും പ്രാർഥനയിൽ. ടെക്നിക്കൽ ടീം പ്രകടനം ഫൗൾ അല്ലെന്ന് അറിയിച്ചതോടെ വീണ്ടും കരഘോഷം.
8.19 മീറ്റർ ദൂരമാണ് ഈ പ്രകടനത്തിൽ താണ്ടിയത്. ഇതോടെ ശങ്കു തിരികെവരുമെന്ന ആത്മവിശ്വാസമായി. അടുത്ത പ്രകടനങ്ങളിലൂടെ സ്വർണം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങൾ. എന്നാൽ അഞ്ചാമത്തെ ചാട്ടം ഫൗൾ ആയതോടെ വീണ്ടും നിശ്ശബ്ദത. ആറാമത്തെ പ്രകടനത്തിൽ പ്രതീക്ഷിച്ചത്ര മികവുണ്ടായില്ലെങ്കിലും മെഡൽ ഉറപ്പായതോടെ വീട്ടിൽ ആഹ്ലാദം നിറഞ്ഞു. വെള്ളി സ്വന്തമാക്കി മിനിറ്റുകൾക്കുള്ളിൽ ശങ്കുവിന്റെ അച്ഛനും കോച്ചുമായ കെ.എസ്.മുരളി ഹാങ്ചോയിൽ നിന്ന് വിഡിയോകോളിലൂടെ കുടുംബാംഗങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു. പാരിസ് ഡയമണ്ട് ലീഗിലെ ചരിത്ര മെഡൽ നേട്ടത്തിനു ശേഷം ശങ്കു മികച്ച ഫോമിലായിരുന്നെങ്കിലും ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഫൈനൽ കാണാതെ പുറത്തായിരുന്നു. ഏഷ്യൻ ഗെയിംസിലും മികച്ച ഫോമിലായിരുന്നെങ്കിലും ആദ്യ ജംപ് ഫൗൾ ആയതോടെ ടെൻഷൻ ഇരട്ടിച്ചതു തിരിച്ചടിയായെന്നു ബിജിമോൾ പറഞ്ഞു. എല്ലാവരും മികച്ച താരങ്ങളാണ്. ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണ് ഇന്നലെ മെഡൽ സ്വന്തമാക്കാനായതെന്നും ബിജിമോൾ പറഞ്ഞു.