സംസ്ഥാന പാത പണി പാതിവഴിയിൽ: കടകളിലേക്കു വെള്ളം ഇരച്ചുകയറി

Mail This Article
കോങ്ങാട് ∙ പെരിഞ്ഞാംപാടത്തിനു സമീപം മുണ്ടൂർ - തൂത പാത നവീകരണം പാതിവഴിയിൽ നിലച്ചത് ദുരിതമായി. ഇന്നലത്തെ കനത്ത മഴയിൽ വെള്ളം ഒഴുകി പോകാതെ കടകളിലേക്ക് ഇരച്ചുകയറി. ഞായർ കട മുടക്കമായതിനാൽ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. കടകള്‍ക്കു മുന്നില്‍ കുളം പോലെ കെട്ടി നിന്ന വെള്ളവും ചെളിയും ഷട്ടറുകൾക്കിടയിലൂടെ പ്രദേശത്തെ 6 സ്ഥാപനങ്ങളിലും കയറി. വിവരം അറിഞ്ഞെത്തിയ വ്യാപാരികൾക്ക് അവധി ദിനത്തിൽ മുട്ടൻ പണിയാണ് കിട്ടിയത്. കട ശുചീകരണം ഏറെ ശ്രമകരമായി. കട പ്രവൃത്തി ദിവസങ്ങളിൽ മഴ പെയ്താൽ വെള്ളം കയറാതിരിക്കാൻ വ്യാപാരികൾ ജാഗ്രത കാണിക്കാറുണ്ട്.
അതേസമയം, പെരിഞ്ഞാംപാടം മുതൽ ഹൈസ്കൂൾ വരെ പാത നവീകരണം നടത്തിയിട്ടില്ല. കലുങ്ക് നിർമാണം നടത്തിയെങ്കിലും വെള്ളം പൂർണ തോതിൽ ഇതുവഴി പോകുന്നില്ല. ഇതു അശാസ്ത്രീയ നിർമാണമെന്ന് പരക്കെ പരാതിയുണ്ട്. പാതയ്ക്കു മധ്യേ ഇരുവശവും പാടം ആയതിനാൽ വലിയ തോതിൽ വെള്ളം ഇവിടേക്കു വരും. പ്രദേശത്ത് ഏക്കര്‍കണക്കിനു പാടം നികത്തിയതും വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഇല്ലാതാക്കി. ഇതും ദുരവസ്ഥയ്ക്കു ആക്കം കൂട്ടി. റോഡ് നവീകരണം വന്നാൽ അതിനു മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത് .പക്ഷേ, ഫലമില്ല.