വീടിനു സമീപം വഴുതന നിന്നിടത്ത് വൻ കുഴി; അമ്പരന്ന് കുടുംബം

Mail This Article
ഒറ്റപ്പാലം ∙ വളർന്നുപൊങ്ങി നിന്ന വഴുതനച്ചെടി ഇരുട്ടിവെളുക്കുമ്പോൾ ‘തലകുത്തി’ നിൽക്കുന്നു! ഇതെന്തു മറിമായമെന്നു ചിന്തിച്ചു പച്ചക്കറിത്തോട്ടത്തിലെത്തിയ ഉടമ കണ്ടതു വഴുതന നിന്ന സ്ഥാനത്തു വലിയൊരു കുഴിയാണ്. ആറടി താഴ്ചയുള്ള കുഴിയിൽ വേരു മുകളിലും തല താഴെയുമായി നിൽക്കുന്ന നിലയിലായിരുന്നു വഴുതനച്ചെടി.
ഒറ്റപ്പാലം 19ാം മൈൽ വട്ടേക്കാട്ടിൽ ഉമേഷിന്റെ വീടിനു പിന്നിലുള്ള പച്ചക്കറിത്തോട്ടത്തിലാണു കഴിഞ്ഞ ദിവസം ഒരാൾക്ക് ഇറങ്ങിനിൽക്കാൻ പാകത്തിൽ വലിപ്പമുള്ള ഗർത്തം രൂപപ്പെട്ടത്. നാവികസേന റിട്ട. ഉദ്യോഗസ്ഥനായ ഉമേഷിന്റെ കുടുംബം ഇവിടെ താമസമാക്കിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. ചെങ്കുത്തായ ഒരു കയറ്റത്തിലാണ് നിലം നിരപ്പാക്കി നിർമിച്ച വീടും പറമ്പും. ഗർത്തമുണ്ടായത് എങ്ങനെയെന്നറിയാൻ ഭൗമശാസ്ത്ര വിദഗ്ധരുടെ പരിശോധന വേണോ, വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണു കുടുംബം. അതേസമയം, കുഴിയുടെ പാതി വരെ മണ്ണിട്ടു നികത്തുകയും ചെയ്തു.
English Summary: Unexplained occurrence in Ottapalam: Eggplant plant defies gravity by standing upside down!