മലമ്പുഴ ഡാം വൃഷ്ടിപ്രദേശത്തും വാഹനങ്ങൾ; മലിനീകരണ ഭീഷണി

Mail This Article
മലമ്പുഴ ∙ ഡാമിന്റെ വൃഷ്ടി പ്രദേശത്തടക്കം നിരോധനം ലംഘിച്ചു വാഹനങ്ങൾ കയറിയിറങ്ങുന്നതു ജലം മലിനപ്പെടുത്തുന്നതായി പരാതി. ഇതു ശുദ്ധജല വിതരണത്തെയടക്കം ദോഷകരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ പാലക്കാട് ചാപ്റ്റർ തദ്ദേശ വകുപ്പു മന്ത്രിക്കുൾപ്പെടെ പരാതി നൽകി. അവധി ദിവസങ്ങളിൽ വൃഷ്ടി പ്രദേശത്ത് ഒട്ടേറെ വാഹനങ്ങൾ എത്തുന്നുണ്ട്. ഡാമിലേക്കു വാഹനം ഇറക്കാൻ അനുമതിയില്ലെങ്കിലും ഇതു ലംഘിക്കപ്പെടുകയാണ്.
തെക്കേ മലമ്പുഴ ഭാഗത്തടക്കം ഇത്തരത്തിൽ വാഹനങ്ങൾ ഇറക്കുന്നതായാണു പരാതി. ഇവിടെ എത്തി ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതും പുതിയ പ്രവണതയാണ്. അവശിഷ്ടങ്ങൾ ഡാം പരിസരത്തു തന്നെ ഉപേക്ഷിക്കും. മദ്യക്കുപ്പികളും പ്ലാസ്റ്റിക് ബോട്ടിലുകളും ഡാം പരിസരങ്ങളിലേക്കു വലിച്ചെറിയുന്നുണ്ട്. ഇതിനെതിരെ ശക്തമായ ഇടപെടൽ തേടിയാണു മന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയതെന്ന് ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ പാലക്കാട് ചാപ്റ്റർ പ്രതിനിധി വി.എൽ.നടരാജൻ പറഞ്ഞു.