ADVERTISEMENT

എലപ്പുള്ളി ∙ തലച്ചോറിലെ അപൂർവരോഗം മൂലം വേദന അനുഭവിക്കുന്ന, എലപ്പുള്ളി പോക്കാന്തോട് സ്വദേശി ഒൻപതു വയസ്സുകാരൻ ശ്രീവിഷ്ണുവിന്റെ ദുരിതജീവിതത്തിനു പരിഹാരം കണ്ടെത്താൻ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. 

   ശ്രീവിഷ്ണുവും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബം വാടക വീടുകൾ മാറി മാറി താമസിക്കുന്ന സ്ഥിതി ഒഴിവാക്കി, ബുദ്ധിമുട്ടില്ലാതെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. 

പാലക്കാട് ജില്ലാ കലക്ടർക്കും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള ജില്ലാ ഓഫിസർക്കുമാണു കമ്മിഷൻ ആക്ടിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശം നൽകിയത്. 

   വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ശ്രീഷ്ണുവും കുടുംബവും അനുഭവിക്കുന്ന പ്രതിസന്ധി ‘മലയാള മനോരമ’ വാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമ്മിഷന്റെ അടിയന്തര ഇടപെടൽ. ഇതോടൊപ്പം ശ്രീവിഷ്ണുവിനെ സഹായിക്കാൻ ഒട്ടേറെ പേർ മുന്നോട്ടു വന്നിട്ടുണ്ട്. 

രോഗം മൂലം ഏതു സമയത്തും ശ്രീവിഷ്ണു അലറി കരയും. ഇതാണ് അയൽക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. 

   ഇക്കാരണത്താൽ വാടക വീടുകളിൽ നിന്ന് ഇവരെ ഇറക്കിവിടുന്നതും പതിവാണ്. ഒട്ടേറെ വീടുകൾ ഈ കുടുംബം മാറിക്കഴിഞ്ഞു. ഒടുവിൽ ഇപ്പോൾ ചോർച്ചയുള്ള ഒറ്റപ്പെട്ട വീട്ടിലാണു താമസം.

    5 വർഷം മുൻപ് അച്ഛൻ മരിച്ചതോടെ ശ്രീവിഷ്ണുവിന്റെ ചികിത്സയും മുടങ്ങി. ശ്രീവിഷ്ണുവിന്റെ അമ്മ എം.ഗിരിജയുടെ പേരിൽ 5 സെന്റ് ഭൂമി സ്വന്തമായുണ്ട്. എന്നാൽ വീട് നിർമിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല.

     ഫണ്ട് ഇല്ലാത്തതിനാൽ പഞ്ചായത്തിൽ‍ നിന്ന് ആനുകൂല്യവും ലഭ്യമല്ല. അസുഖബാധിതനായ മകനൊപ്പം സുരക്ഷിതമായി കഴിയാനൊരു വീട് സുമനസ്സുകളുടെ കാരുണ്യത്തിൽ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണു കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com