ADVERTISEMENT

കൊല്ലങ്കോട് ∙ വിളഞ്ഞ നെൽപാടങ്ങളിൽ ലക്ഷ്മി രോഗം(ഫാൾസ് സ്മട്)  പടരുന്നതു ഒന്നാം വിള നെൽക്കൃഷിയിൽ ഉൽപാദനക്കുറവ് ഉണ്ടാക്കുമെന്ന് ആശങ്ക. കൊല്ലങ്കോട് പഞ്ചായത്തിലെ നെല്ലിയാമ്പതി മലനിരയുടെ താഴ്‌വാരത്തുള്ള തോണ്ടക്കാട്, നെന്മേനി, തേക്കിൻചിറ പ്രദേശത്തെ വിളഞ്ഞു തുടങ്ങിയ നെൽപാടങ്ങളിലാണു ലക്ഷ്മി രോഗം കൂടുതലായി കണ്ടിരിക്കുന്നത്. കതിരു വന്ന നെൽചെടികളിലെ നെന്മണികളെ ആക്രമിച്ച്  മണികൾക്കു പകരം മഞ്ഞ നിറത്തിലുള്ള കുമിളിന്റെ തന്തുക്കൾ അടങ്ങിയ ഗോളങ്ങളാക്കി മാറ്റുന്നതാണു രോഗ ലക്ഷണം. 

  ഈ രോഗബാധ ഉണ്ടായാൽ 40 ശതമാനം വരെ വിളവിൽ കുറവ് ഉണ്ടാവുക പതിവുണ്ടെന്നു കാർഷിക വിദഗ്ധർ പറയുന്നു. കതിരു വരുന്ന സമയത്തു ലക്ഷണങ്ങൾ കണ്ടു തുടങ്ങും. വിളഞ്ഞു വരുന്ന കതിരുകളിലെ ചില നെന്മണികൾ മഞ്ഞ നിറത്തിൽ ഉരുണ്ട് പഞ്ഞി പോലെ കാണപ്പെടുന്നു. പിന്നീട് അവ കടും പച്ച നിറത്തിലോ കറുപ്പു നിറത്തിലോ ആയി മാറും. കതിരിലെ കുറച്ചു നെന്മണികൾ മാത്രമേ രോഗ ബാധ ഉണ്ടാവുകയുള്ളുവെങ്കിലും അത് ഉൽപാദനക്കുറവിനു വഴി വയ്ക്കും. കാറ്റ് ഈ ഫംഗസ് രോഗത്തിന്റെ വ്യാപനത്തിനു വഴി വയ്ക്കുന്ന പ്രധാന ഘടകമാണ്. ഉയർന്ന ആപേക്ഷിക ആർദ്രതയും കുറഞ്ഞ താപനിലയും മഴ പെയ്യുന്നതും പൂവിടുമ്പോൾ മേഘാവൃതമായ ദിവസങ്ങളും രോഗ വ്യാപനത്തിന് അനുകൂലമാണ്. 

   നെല്ലിയാമ്പതിയുടെ താഴ്‌വാരത്ത് ഏതാനും ദിവസങ്ങളായി രാവിലെയും വൈകിട്ടും മഞ്ഞിന്റെ സാന്നിധ്യം ഉള്ളതാണു കീടവ്യാപനത്തിനു കാരണമെന്നാണു വിലയിരുത്തൽ. അമിതമായ അളവിൽ നൈട്രജൻ വളങ്ങളുടെ പ്രയോഗം, പ്രത്യേകിച്ചു പൂവിടുന്ന ഘട്ടത്തിൽ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. കീടബാധയുണ്ടായ നെൽച്ചെടികളുടെ വിളാവശിഷ്ടങ്ങൾ നശിപ്പിച്ച് കളയുകയാണു പ്രധാന നിയന്ത്രണ മാർഗം.

       രോഗബാധ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ കൃഷി വകുപ്പ് നിർദേശിക്കുന്ന കുമിൾനാശിനികൾ 50 ശതമാനം കതിര് വരുമ്പോൾ തളിക്കുകയാണു മറ്റൊരു മാർഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com