ADVERTISEMENT

മംഗലംഡാം ∙ കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ വരുന്ന സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി വനംവകുപ്പ്. ഈ ഭാഗത്തേക്കുള്ള വഴി വേലികെട്ടി അടച്ചു. സാമൂഹിക പ്രശ്നങ്ങളും സുരക്ഷയും കണക്കിലെടുത്താണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികൾ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം തോടും പരിസരവും മലിനമാകുന്നു.

കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലേതടക്കം താഴ്ഭാഗത്തു താമസിക്കുന്ന ആളുകൾ ഈ തോട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കൂടാതെ വീതികുറഞ്ഞതും അപകടകരമായ വളവുകളും കുത്തനെയുള്ള കയറ്റവുമൊക്കെയുള്ള കാട്ടുപാതയിലൂടെ പരിചയമില്ലാത്ത ആളുകൾ വാഹനങ്ങളുമായി വരുന്നത് പലപ്പോഴും  ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നു.

വഴിതെറ്റി തളികക്കല്ല് കോളനിയിലും മറ്റും എത്തിപ്പെടുന്നതും പതിവാണ്. വനപ്രദേശത്തെക്കുറിച്ച് ധാരണയില്ലാത്ത സഞ്ചാരികൾ കാട്ടുചോലയിലെ ആഴവും ഒഴുക്കും അറിയാതെ അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ട്. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പ്രദേശത്ത് വിലക്ക് ഏർപ്പെടുത്തിയതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

വിലക്കല്ല, സൗകര്യമൊരുക്കലാണ് വേണ്ടതെന്നു നാട്ടുകാർ
ജില്ലയിലെ ടൂറിസം മേഖലയിൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വണ്ടാഴി പഞ്ചായത്തിലെ കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് വിലക്കേർപ്പെടുത്തിയ വനംവകുപ്പിന്റെ നടപടിയിൽ പ്രതിഷേധമേറുന്നു. 

മംഗലം ഡാമിൽ നിന്ന് 14 കിലോമീറ്റർ മാത്രം ദൂരത്തുള്ള ഈ കാനന വിസ്മയം കാണാൻ തമിഴ്നാട്ടിൽ നിന്നടക്കം ദൂരദിക്കുകളിൽ നിന്ന് ഒട്ടേറെ ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മംഗലംഡാം കാണാനെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ആലിങ്കൽ വെള്ളച്ചാട്ടവും കണ്ടാണു മടങ്ങുക. 

മംഗലംഡാം ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന ആലിങ്കൽ വെള്ളച്ചാട്ടം കാണുന്നതിനു വിലക്ക് ഏർപ്പെടുത്തുന്നതിന് പകരം സുരക്ഷയും സംവിധാനങ്ങളുമൊരുക്കി കാനനഭംഗി ആസ്വദിക്കാൻ ജനങ്ങൾക്ക് സൗകര്യം ഒരുക്കുകയാണ് അധികാരികൾ ചെയ്യേണ്ടതെന്നും നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com