ADVERTISEMENT

പാലിയേക്കര ∙ നിർമാണത്തിൽ കോടികളുടെ അഴിമതി ഇഡി കണ്ടെത്തിയ സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ടോൾപ്ലാസ വളയൽ സമരത്തിൽ സംഘർഷം. സമരം ഉദ്ഘാടനം ചെയ്ത ടി.എൻ.പ്രതാപൻ എംപി, തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, അനിൽ അക്കര എന്നിവർക്കു പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 പ്രകടനമായെത്തി പ്രതിഷേധ യോഗം നടത്തിയ ശേഷം ബാരിക്കേഡുകൾ‌ മാറ്റി പ്രവർത്തകർ ടോൾ പ്ലാസയിലൂടെ വാഹനങ്ങളെ കടത്തിവിട്ടുകൊണ്ടായിരുന്നു സമരം. ഈ സമയം ടോൾപ്ലാസ ഓഫിസിലേക്കു പ്രവേശിച്ച് ജിഐപിഎൽ ഉദ്യോഗസ്ഥരുമായി എംപിക്കും ഡിസിസി പ്രസിഡന്റിനും സംസാരിക്കണമെന്ന ആവശ്യം പൊലീസ് നിരാകരിച്ചതാണു സംഘർഷത്തിന്റെ തുടക്കം. പൊലീസും നേതാക്കളും തമ്മിൽ ഇതോടെ ഉന്തും തള്ളുമായി. പരുക്കേറ്റ നേതാക്കളും പ്രവർത്തകരും ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. 

 പൊലീസ് അക്രമം കാണിക്കുകയാണെന്നും തനിക്കു പരുക്കേറ്റതോടെ പൊലീസുകാർക്കു പരുക്കേറ്റെന്നു കാണിച്ച് കൗണ്ടർ കേസെടുക്കാനാണു ശ്രമമെന്നും ആരോപിച്ച എംപി, വിഷയത്തിൽ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഇടപെടുന്നതു വരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു.

പ്രശ്‌നത്തിൽ നിഷ്പക്ഷ അന്വേഷണം നടത്താമെന്ന് തൃശൂർ കലക്ടർ വി.ആർ.കൃഷ്ണതേജയും ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെയും സമരക്കാർക്ക് സമീപമെത്തി ഉറപ്പു നൽ‌കിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ എംപിയെയും പരുക്കേറ്റവരെയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

 ഇതിനിടെ രമ്യ ഹരിദാസ് എംപിയും സ്ഥലത്തെത്തിയിരുന്നു. ഒന്നര മണിക്കൂറോളം സംഘർഷം നീണ്ടുനിന്നു. ടോൾ‌  ബൂത്തുകളിലെ സ്റ്റോപ്പ് ബാറുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഘർഷത്തിനിടെ കെഎപി ബെറ്റാലിയനിയിലെ 2 പൊലീസുകാർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരം നടത്തിയതിന് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2 പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ സമരക്കാർക്കെതിരെയും കേസെടുക്കും. 

 എംപി എന്ന പരിഗണന നൽ‌കാതെ  പൊലീസ് ക്രൂരമായി മർദിച്ചതായി കാണിച്ച് ടി.എൻ.പ്രതാപൻ ലോക്സഭാ സ്പീക്കർക്ക് കത്തയച്ചു. രാവിലെ 11 ന് പാലിയേക്കരയിൽ നിന്നു പ്രകടനമായെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസ ഓഫിസിനു മുന്നിൽ പ്രതിഷേധ യോഗം ചേർന്നത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് പ്രസംഗിച്ചു.

ഉദ്ഘാടനത്തിനു ശേഷമാണ് ടോൾ ബൂത്തുകളിലെ ബാരിക്കേഡുകൾ മാറ്റി പ്രവർത്തകർ വാഹനങ്ങളെ കടത്തിവിട്ടത്. ഡിവൈഎസ്പിമാരായ ടി.എസ്.സിനോജ്, വി.കെ.രാജു, എം. ഉല്ലാസ്‌കുമാർ, പുതുക്കാട് എസ്എച്ച്ഒ യു.എച്ച്. സുനിൽദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് എത്തിയിരുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com