തമിഴ്നാട് മുഖ്യമന്ത്രിയുടെ വീട്ടിലടക്കം ബോംബ് വച്ചെന്നു ഭീഷണി: തൊഴിലാളി അറസ്റ്റിൽ
Mail This Article
ഊട്ടി ∙ തമിഴ്നാട് മുഖ്യമന്ത്രിയുടെ വീട്ടിലടക്കം ഏഴു സ്ഥലത്തു ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഫോൺ ഭീഷണിയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ഊട്ടിക്കു സമീപമുള്ള താമ്പട്ടിയിലെ തൊഴിലാളി ഗണേശനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.
ആംബുലൻസ് നമ്പറായ 108ൽ വിളിച്ചാണ് ഇയാൾ ബോംബ് വച്ചിട്ടുണ്ടെന്നു പറഞ്ഞത്. തുടർന്നു പൊലീസ് നടത്തിയ തിരച്ചിലിൽ സന്ദേശം വ്യാജമാണെന്നു കണ്ടെത്തി. തുടരന്വേഷണത്തിൽ 108 ലേക്കു വിളിച്ച നമ്പർ പിന്തുടർന്നാണ് ഗണേഷിനെ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നതിങ്ങനെ: കൂലിത്തൊഴിലാളിയായ ഗണേഷ് ഭാര്യ മരിച്ചതിനെത്തുടർന്ന് അമ്മയ്ക്കൊപ്പമാണു താമസം. ലഹരിക്കടിമയായ ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ പാതിരാത്രിയിൽ 108 ൽ വിളിച്ച് തനിക്കു നെഞ്ചുവേദനയാണ് ആശുപത്രിയിൽ പോകണം എന്നു പറഞ്ഞിരുന്നു. ഇതനുസരിച്ച് 5 പ്രാവശ്യം ആംബുലൻസ് വീട്ടിലെത്തിയെങ്കിലും തിരികെ പോകുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് 108 ൽ വിളിച്ച്, ബോംബ് വച്ചിട്ടുണ്ട് എന്നറിയിച്ചത്.